മനഃസാക്ഷി വോട്ട് തള്ളി വി മുരളീധരന്‍ ; തലശ്ശേരിയില്‍ ബിജെപി വോട്ട് സിഒടി നസീറിന് തന്നെ

വ്യക്തിപൂജ നടത്തും വിധം സിപിഎം ആശയപരമായി അധഃപതിച്ചു. ഇതിന് തെളിവാണ് ധര്‍മ്മടത്ത് കണ്ടത്
വി മുരളീധരന്‍ /ഫയല്‍ ചിത്രം
വി മുരളീധരന്‍ /ഫയല്‍ ചിത്രം

തിരുവനന്തപുരം : ബിജെപി സ്ഥാനാര്‍ത്ഥി ഇല്ലാത്ത തലശ്ശേരിയില്‍ മനഃസാക്ഷി വോട്ട് ചെയ്യണമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് തള്ളി കേന്ദ്രമന്ത്രി വി മുരളീധരന്‍. ബിജെപി വോട്ട് സിപിഎം വിമതനായ സിഒടി നസീറിന് തന്നെയാണെന്ന് മുരളീധരന്‍ വ്യക്തമാക്കി. തലശ്ശേരിയില്‍ മനഃസാക്ഷി വോട്ടിന് കണ്ണൂര്‍ ജില്ലാ നേതൃത്വമാണ് ആഹ്വാനം ചെയ്തത്. 

തലശേരിയില്‍ ബിജെപി വോട്ട് സംബന്ധിച്ച് നിലപാട് സംസ്ഥാന നേതൃത്വം പറഞ്ഞിട്ടുണ്ടെന്ന് വി മുരളീധരന്‍ പറഞ്ഞു. ജില്ലാ കമ്മറ്റിയെക്കാള്‍ വലുതാണ് സംസ്ഥാന നേതൃത്വം എടുക്കുന്ന തീരുമാനം. തലശ്ശേരിയില്‍ ബിജെപി പിന്തുണ സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ച ആള്‍ക്ക് തന്നെയെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. 

ബിജെപി ശക്തമായ മത്സരം നടത്തുന്ന 20 മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസ് - സിപിഎം ധാരണയുണ്ടെന്ന് വി മുരളീധരന്‍ ആരോപിച്ചു. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ വോട്ട് അഭ്യര്‍ത്ഥന നടത്തിയ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകള്‍ ഇതിന് തെളിവാണ്. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശക്തമായ സാന്നിധ്യം രണ്ട് മുന്നണികള്‍ക്കും അലോസരം ഉണ്ടാകുന്നു എന്നതിന് തെളിവാണ് ഒത്തുകളി ആക്ഷേപമെന്നും മുരളീധരന്‍ പറഞ്ഞു. 

ശബരിമലയില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ സമീപനം അടക്കമുള്ള കാര്യങ്ങളില്‍ ജനം എങ്ങനെ പ്രതികരിക്കും എന്നത് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. ആത്മവിശ്വാസം ഇല്ലാത്ത മുന്നണികളായി യുഡിഎഫും എല്‍ഡിഎഫും മാറി. സിപിഎമ്മിനകത്തും കോണ്‍ഗ്രസിനകത്തും നിലനില്‍ക്കുന്ന കടുത്ത ഭിന്നത പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പാകുമെന്നും വി മുരളീധരന്‍ പറഞ്ഞു. 

വ്യക്തിപൂജ നടത്തും വിധം സിപിഎം ആശയപരമായി അധഃപതിച്ചു. ഇതിന് തെളിവാണ് ധര്‍മ്മടത്ത് കണ്ടത്. ധര്‍മ്മടത്തെ പ്രചാരണത്തിന് താരനിശ നടത്തേണ്ട ഗതികേടിലാണ് പിണറായി വിജയന്‍. കള്ളപ്പണമാണോ ഇതിന് ഉപയോഗിച്ചതെന്നും മുരളീധരന്‍ ചോദിച്ചു. ആഴക്കടല്‍ അടക്കം അഴിമതി ആരോപണങ്ങളെല്ലാം പോളിംഗ് ബൂത്തിലെത്തുന്ന വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com