മന്‍സൂര്‍ വധം : ഒരാള്‍ കൂടി കസ്റ്റഡിയിലെന്ന് സൂചന ; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയും പ്രതികളെന്ന് എഫ്‌ഐആര്‍

ഡിവൈഎഫ്‌ഐ പാനൂര്‍ മേഖല ട്രഷറര്‍ സുഹൈലാണ് കൊലപാതക സംഘത്തിന് നേതൃത്വം കൊടുത്തതെന്നാണ് സൂചന
കൊല്ലപ്പെട്ട മന്‍സൂര്‍ / ഫെയ്‌സ്ബുക്ക്‌
കൊല്ലപ്പെട്ട മന്‍സൂര്‍ / ഫെയ്‌സ്ബുക്ക്‌

കണ്ണൂര്‍: പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പൊലീസിന്റെ പിടിയിലായതായി സൂചന. കുറ്റകൃത്യത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചയാളാണ് പിടിയിലായത്. കേസില്‍ പ്രതിപ്പട്ടികയിലുള്ള 11 പേരും സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് പൊലീസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. റിമാന്‍ഡിലുള്ള ഷിനോസിനെ കൂടാതെ രതീഷ്, സംഗീത്, ശ്രീരാഗ്, സുഹൈല്‍, സജീവന്‍, അശ്വന്ത്, ശശി, സുമേഷ്, ജാബിര്‍, നാസര്‍ എന്നിവര്‍ അക്രമിസംഘത്തില്‍ ഉണ്ടായിരുന്നതായി പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.

എട്ടാം പ്രതി ശശി സിപിഎം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്. പത്താം പ്രതി ജാബിര്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും അഞ്ചാം പ്രതി സുഹൈല്‍ ഡിവൈഎഫ്‌ഐ പാനൂര്‍ മേഖല ട്രഷററുമാണ്. ഡിവൈഎഫ്‌ഐ നേതാവും, മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുമായ സുഹൈലാണ് കൊലപാതക സംഘത്തിന് നേതൃത്വം കൊടുത്തതെന്നാണ് സൂചന. നേരത്തെ പിടിയിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. 

എഫ്‌ഐആറിലുള്ള പ്രതികളെകണ്ടെത്തുന്നതിനായി തലശ്ശേരി, ധര്‍മ്മടം ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീം തെരച്ചില്‍ നടത്തുകയാണ്. മന്‍സൂറിന്റെ കൊലപാതകത്തിനായി അക്രമികള്‍ ഗൂഢാലോചന നടത്തിയത് വാട്‌സാപ്പിലൂടെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റിമാന്‍ഡിലായ പ്രതി ഷിനോസിന്റെ ഫോണില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് കിട്ടിയത്. കേസിലെ മുഖ്യപ്രതികളായ സുഹൈലിനെയും ശ്രീരാഗിനെയും ഈ ഫോണില്‍ നിന്ന് വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

വോട്ടെടുപ്പിന് ശേഷം രാത്രി എട്ടരയോടെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ലീ​ഗ് പ്രവർത്തകനായ മന്‍സൂറിനെയും സഹോദരന്‍ മുഹസിനെയും വെട്ടുകയായിരുന്നു. ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് ഇടത് കാല്‍മുട്ടിന് താഴെയുണ്ടായ മുറിവാണ് മരണകാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൻസൂർ വധത്തിന് പിന്നിൽ പ്രാദേശിക പ്രശ്നങ്ങളാണെന്നും, കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്നുമാണ് സിപിഎം നേതാക്കൾ വ്യക്തമാക്കിയിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com