വിജിലന്‍സ് പിടിച്ചെടുത്ത അരക്കോടിയ്ക്ക്‌ രേഖകള്‍  ഉണ്ട്; ബന്ധു ഭൂമി ഇടപാടിനായി കൊണ്ടുവച്ചത്; വിശദീകരണവുമായി കെഎം ഷാജി

ബന്ധുവിന്റെ ഭൂമി ഇടപാടിനായി കൊണ്ടുവച്ചതാണെന്നും രേഖകള്‍ ഹാജരാക്കാന്‍ ഒരു ദിവസത്തെ സമയം വേണമെന്നും ഷാജി
കെഎം ഷാജി / ചിത്രം ഫെയ്‌സ്ബുക്ക്‌
കെഎം ഷാജി / ചിത്രം ഫെയ്‌സ്ബുക്ക്‌


കണ്ണൂര്‍: വിജിലന്‍സ് കണ്ടെത്തിയ അരക്കോടി രൂപയ്ക്ക് മതിയായ രേഖകളുണ്ടെന്ന് കെഎം ഷാജി എംഎല്‍എ. ബന്ധുവിന്റെ ഭൂമി ഇടപാടിനായി കൊണ്ടുവച്ചതാണെന്നും രേഖകള്‍ ഹാജരാക്കാന്‍ ഒരു ദിവസത്തെ സമയം വേണമെന്നും ഷാജി വിജിലസിനെ അറിയിച്ചു. 

ഇന്ന് വിജിലന്‍സ്  നടത്തിയ പരിശോധനയിലാണ് കെഎം ഷാജി എംഎല്‍എയുടെ കണ്ണൂരിലെ വീട്ടില്‍നിന്നും വിജിലന്‍സ് 50 ലക്ഷം രൂപ കണ്ടെത്തിയത്.  അനധികൃത സ്വത്ത് സമ്പാദനകേസില്‍ കെഎം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി എംഎല്‍എയുടെ കോഴിക്കോട് മാലൂര്‍ കുന്നിലെയും കണ്ണൂര്‍ ചാലാടിലേയും വീടുകളില്‍ ഒരേസമയം വിജിലന്‍സ് റെയ്ഡ് നടത്തി. കെഎം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് വിജിലന്‍സ് എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യക സംഘം ഷാജിയുടെ മാലൂര്‍കുന്നിലെ വീട്ടിലെത്തിയത്. ഒന്നര മണിക്കൂറോളം പുറത്ത് പരിശോധന നടത്തിയ സംഘം പിന്നീട് അകത്തേയ്ക്ക് കയറി. ഈ സമയമെല്ലാം റെയ്ഡ് വീക്ഷിച്ച് കെ.എം. ഷാജിയും വീടിന് പുറത്തുണ്ടായിരുന്നു.

കണ്ണൂര്‍ ചാലോടിലും ഇതേസമയം വിജിലന്‍സിന്റെ മറ്റൊരു സംഘം പരിശോധന ആരംഭിച്ചു. പ്രധാനമായും കെ.എം ഷാജിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് ലക്ഷ്യം. 2012 മുതല്‍ 2021 വരെയുള്ള 9 വര്‍ഷ കാലഘട്ടത്തില്‍ കെ.എം. ഷാജിക്ക് 166 ശതമാനം അധിക വരുമാനം ഉണ്ടായെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com