വിവാഹ ദിവസം വരൻ മുങ്ങി; വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസം; മോഷ്ടിച്ച ബൈക്കുമായി ഒടുവിൽ പിടിയിൽ

വിവാഹ ദിവസം വരൻ മുങ്ങി; വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസം; മോഷ്ടിച്ച ബൈക്കുമായി ഒടുവിൽ പിടിയിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: വിവാഹ ദിവസം വീട്ടിൽ നിന്ന് മുങ്ങിയ വരനെ ഒരു മാസത്തിനു ശേഷം മോഷ്ടിച്ച ബൈക്കുമായി പിടികൂടി. പാണാവള്ളി പഞ്ചായത്ത് 10–ാം വാർഡ് ചിറയിൽ ജെസിമിനെയാണ് (26) മോഷ്ടിച്ച ബൈക്കുമായി പൂച്ചാക്കൽ പൊലീസ് ഇന്നലെ പിടികൂടിയത്. ഒളിവിൽ കഴിഞ്ഞപ്പോൾ തൃപ്പൂണിത്തുറ, തിരുവല്ല എന്നിവിടങ്ങളിൽ നിന്നു ബൈക്കുകൾ മോഷ്ടിച്ച സംഭവത്തിലും ഇയാൾക്കെതിരെ കേസെടുത്തു. ഇടുക്കി രാജകുമാരിയിൽ നിന്നാണ് ഇയളെ പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ മാസം 21ന് ആണ് ജെസിമിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ദിവസം രാവിലെ ഉടനെ വരാമെന്ന് വീട്ടുകാരോട് പറഞ്ഞതിനു ശേഷം ബൈക്കുമെടുത്ത് കടന്നുകളയുകയായിരുന്നു. തന്നെ ആരോ തട്ടിക്കൊണ്ടുപോകുകയാണെന്നും ഉപദ്രവിക്കുന്നുവെന്നും പറഞ്ഞ് ജെസിം ഇതിനിടയിൽ സുഹൃത്തിന് വാട്സാപ്പിൽ ശബ്ദ സന്ദേശം അയച്ചിരുന്നു. ജെസിമിനെ കാണാതായതോടെ വിവാഹവും മുടങ്ങി. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പൂച്ചാക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ബൈക്കും മൊബൈൽ ഫോണും വിറ്റ ശേഷം ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നെന്നു പൊലീസ് പറഞ്ഞു. കമ്പം, മധുര, പൊള്ളാച്ചി, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, ഊട്ടി എന്നിവിടങ്ങളിലും മംഗലാപുരത്തും താമസിച്ചതിനു ശേഷം തിരികെ കേരളത്തിലെത്തി. തുടർന്ന് കണ്ണൂർ, തൃശൂർ, മലപ്പുറം, ഇടുക്കി, ആലുവ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു. നാല് തവണ ഫോണും സിം കാർഡും മാറ്റിയതിനാൽ ഇയാളെ കണ്ടെത്താൻ ബുദ്ധിമുട്ടിയെന്ന് പൊലീസ് പറഞ്ഞു. 

പൂച്ചാക്കൽ സി.ഐ അജി ജി നാഥിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് രാജാക്കാട് പൊലീസിന്റെ സഹായത്തോടെ രാജകുമാരിയിൽ നിന്ന് ജെസിമിനെ പിടികൂടിയത്. വിവാഹത്തിന്  താത്പര്യമില്ലാത്തതുകൊണ്ടാണ് കടന്നുകളഞ്ഞതെന്നും തട്ടിക്കൊണ്ടുപോയെന്നുള്ള സന്ദേശം പൊലീസിനെ  തെറ്റിദ്ധരിപ്പിക്കാൻ അയച്ചതാണെന്നും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

തൃപ്പൂണിത്തുറ, കണ്ണൂർ, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു ബൈക്കുകൾ മോഷ്ടിച്ചതായി ജെസിം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇതിൽ രണ്ട് ബൈക്കുകൾ കണ്ടെത്തി. ജെസിമിനെ ചേർത്തല  കോടതിയിൽ  ഹാജരാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com