അക്രമം നടന്ന സ്ഥലം ജി ആര്‍ അനില്‍ സന്ദര്‍ശിക്കുന്നു
അക്രമം നടന്ന സ്ഥലം ജി ആര്‍ അനില്‍ സന്ദര്‍ശിക്കുന്നു

'മറിച്ചായിരുന്നെങ്കില്‍ വിലപ്പെട്ട ഒരു ജീവന്‍ രക്ഷിക്കാമായിരുന്നു; പരാതികള്‍ ലഭിച്ചിട്ടും ക്രിമിനലുകള്‍ക്ക് എതിരെ നടപടിയില്ല': പൊലീസിന് എതിരെ മന്ത്രി

തിരുവനന്തപുരം റൂറല്‍ മേഖലയില്‍ ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണം പൊലീസിന്റെ ജാഗ്രതക്കുറവ് മൂലമാണെന്ന് മന്ത്രി ജിആര്‍ അനില്‍.

പോത്തന്‍കോട്: തിരുവനന്തപുരം റൂറല്‍ മേഖലയില്‍ ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണം പൊലീസിന്റെ ജാഗ്രതക്കുറവ് മൂലമാണെന്ന് മന്ത്രി ജിആര്‍ അനില്‍. പോത്തന്‍കോട് കല്ലൂരില്‍ കഴിഞ്ഞ ദിവസം ഗുണ്ടാ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്തി.

പൊതുജനങ്ങളില്‍നിന്ന് പരാതികള്‍ ലഭിച്ചിട്ടും ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ക്രിമിനല്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതില്‍ പൊലീസിന്റെ ഭാഗത്ത് ജാഗ്രത കുറവുണ്ടായി.

പോത്തന്‍കോട് കാവുവിളയില്‍ യുവതിയെ തീ കൊളുത്തി കൊന്ന സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിട്ടും അത് ഗൗരവമായി എടുത്തില്ല. മറിച്ചായിരുന്നെങ്കില്‍ വിലപ്പെട്ട ഒരു ജീവന്‍ രക്ഷിക്കാമായിരുന്നു.

യുവതിയുടെ മരണത്തോടെ പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഒരു കുടുംബമാണ് അനാഥമായത്. അതേസമയം, പ്രതിയെ പിടികൂടുന്നതിലുള്ള പൊലീസിന്റെ കഴിവിനെ മന്ത്രി പ്രശംസിച്ചു. 

അതേസമയം, പോത്തന്‍കോട് സുധീഷിനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസില്‍ പത്തുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 
കസ്റ്റഡിയിലുള്ളവരില്‍ മൂന്ന് പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച ഓട്ടോയ്ക്ക് പുറമേ ബൈക്കും കസ്റ്റഡിയിലെടുത്തു.

സുധീഷിന്റെ കാല് റോഡിലെറിഞ്ഞത് 'നന്ദി'

അറസ്റ്റിലായ നിധീഷ്, രഞ്ജിത്, നന്ദി എന്നീ മൂന്ന് പേരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍. സുധീഷിന്റെ കാല് റോഡിലെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മൂന്ന് പേര്‍ സഞ്ചരിച്ച ബൈക്കിന് പിറകില്‍ ഇരുന്ന നന്ദിയാണ് സുധീഷിന്റെ കാല് റോഡിലെറിയുന്നത്. സംഘാം?ഗമായ ഓട്ടോ ഡ്രൈവര്‍ രഞ്ജിത്ത് ഇന്നലെ പിടിയിലായിരുന്നു. പ്രതികള്‍ക്ക് ഓളിച്ച് താമസിക്കാനും രക്ഷപെടാനും സഹായം നല്‍കിയവരാണ് പിടിയിലായ മറ്റ് ആളുകള്‍. അതേസമയം പ്രധാന പ്രതി രാജേഷിനെ ഇനിയും പിടികൂടാനായിട്ടില്ല.

ശരീരത്തില്‍ നൂറിലേറെ വെട്ടുകള്‍

ബൈക്കിലും ഓട്ടോയിലുമായി എത്തിയ പന്ത്രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. ഗുണ്ടാ സംഘത്തെ ഭയന്നു ബന്ധു വീട്ടിലേക്ക് ഓടിക്കയറിയ സുധീഷിനെ പിന്തുടര്‍ന്നെത്തി വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. സുധീഷിന്റെ ശരീരത്തില്‍ നൂറിലേറെ വെട്ടുകളുണ്ട്. സുധീഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com