കരിയിലക്കുഴിയിൽ നിന്ന് കണ്ടെത്തിയ കുഞ്ഞിന്റെ അമ്മയെ തെരഞ്ഞ് പൊലീസ്, അന്വേഷണം ആശുപത്രികളിലേക്ക്

ആശുപത്രികളിൽ നിന്നും ആശാ പ്രവർത്തകരിൽ നിന്നും വിവരം സ്വീകരിച്ച് ​അമ്മയെ കണ്ടെത്താൻ പൊലീസ് നടപടി തുടങ്ങി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം; കരിയിലക്കുഴിയിൽ  നിന്നു നവജാതശിശുവിനെ കണ്ടെടുത്ത സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ തേടി പൊലീസ്. ആശുപത്രികളിൽ നിന്നും ആശാ പ്രവർത്തകരിൽ നിന്നും വിവരം സ്വീകരിച്ച് ​അമ്മയെ കണ്ടെത്താൻ പൊലീസ് നടപടി തുടങ്ങി. 

ചികിത്സ തേടിയ ഗർഭിണികളുടെ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടു ആശുപത്രികൾക്കു നോട്ടിസ് നൽകി. വാർഡുകളിലെ സ്ത്രീകളുടെയും ഗർഭിണികളുടെ വിവരങ്ങൾ അറിയാൻ കഴിയുന്ന ആശാ പ്രവർത്തകരിൽ നിന്നു വിവരശേഖരണം നടത്തുന്നുണ്ട്. കല്ലുവാതുക്കൽ ഊഴായ്ക്കോട് ക്ഷേത്രത്തിനു സമീപം കരിയിലക്കുഴിയിൽ നിന്ന് കണ്ടെത്തിയ കുഞ്ഞ് പിന്നീട് മരിച്ചിരുന്നു. സംഭവത്തിൽ കൊലക്കുറ്റത്തിനു കേസ് എടുത്ത പൊലീസ് പരിസരവാസികളുടെ മൊഴികൾ രേഖപ്പെടുത്തി തുടങ്ങി. 

കുഞ്ഞിനെ ഉപേക്ഷിച്ച സ്ഥലത്ത് സിസി ടിവി ക്യാമറകൾ ഇല്ലെങ്കിലും പരിസര പ്രദേശങ്ങളിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. നവജാത ശിശുവിന്റെ മൃതശരീരം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഊഴായ്ക്കോട് ക്ഷേത്രത്തിനു സമീപം പേഴുവിള വീട്ടിൽ സുദർശനൻപിള്ളയുടെ വീടിനു സമീപം ചൊവ്വ രാവിലെയാണ് ഉപേക്ഷിച്ച നിലയിൽ  കണ്ടെത്തിയത്. ചാത്തന്നൂർ എസിപി ഷിനു തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com