ജോസഫൈന്‍ കേരളീയ സമൂഹത്തിന് അപമാനം; പുറത്താക്കണം, വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് എതിരെ എഐഎസ്എഫ്

എഐഎസ്എഫ് പതാക, എം സി ജോസഫൈന്‍
എഐഎസ്എഫ് പതാക, എം സി ജോസഫൈന്‍


തിരുവനന്തപുരം: ചാനല്‍ പരിപാടിയില്‍ പരാതിക്കാരിയായ സ്ത്രീയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടന എഐഎസ്എഫ്. എം സി ജോസഫൈന്‍ കേരളീയ സമൂഹത്തിന് അപമാനമാണെന്നും തല്‍സ്ഥാനത്ത് നിന്നും ഇവരെ പുറത്താക്കണമെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സ്ത്രീ ശാക്തീകരണമെന്ന മഹത്തായ ഉദ്ദേശ്യലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ രൂപീകരിച്ച കമ്മീഷന്റെ അധ്യക്ഷ താനിരിക്കുന്ന പദവിയുടെ മഹത്തരമായ മൂല്യം ഉള്‍ക്കൊള്ളാതെയുള്ള സമീപനമാണ് പരാതിക്കാരിയോട് സ്വീകരികച്ചത്. ആശ്രയമാകേണ്ടവര്‍ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വളരെ ഗൗരവതരമായാണ് കാണേണ്ടത്.

സ്ത്രീ സംരക്ഷണം ഉറപ്പാക്കുന്നതിന് പകരം പരാതിക്കാരെ അപമാനിക്കുവാന്‍ ശ്രമിക്കുന്ന അധ്യക്ഷ തുടര്‍ന്നും ആ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ലെന്നും എഐസ്എഫ് പ്രസ്താവനയില്‍ പറഞ്ഞു. 

ഒരു ചാനല്‍ ചര്‍ച്ചക്കിടെ പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് ജോസഫൈന്‍ ചൂടാവുകയായിരുന്നു. പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ സമീപിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുടപടി നല്‍കിയ സ്ത്രീയോട് എന്നാല്‍ അനുഭവിച്ചോ എന്നായിരുന്നു ജോസഫൈന്റെ മറുപടി. ഇതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് ഭരണകക്ഷിയായ സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടന തന്നെ ജോസഫൈനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. 

എന്നാല്‍ ചാനല്‍ പരിപാടിക്കിടെ നടന്ന സംഭവങ്ങള്‍ നിഷേധിക്കുകയാണ് ജോസഫൈന്‍ ചെയ്തത്. താന്‍ അങ്ങനെ പെരുമാറിയിട്ടില്ലെന്നും, ആരോപണം നിഷേധിക്കുകയാണെന്നും ജോസഫൈന്‍ പറഞ്ഞു. താനും ഒരു സാധാരണ സ്്ത്രീയാണ്. പൊലീസില്‍ പരാതി കൊടുക്കൂ എന്നാണ് പറഞ്ഞത്. അല്ലാതെ തെറിയൊന്നും പറഞ്ഞിട്ടില്ലെന്ന് ജോസഫൈന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com