ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്ക് ; കോണ്‍സുല്‍ ജനറലുമായി സാമ്പത്തിക ഇടപാട് ; മൂന്നു മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കുമെതിരെ സ്വപ്‌നയുടെ രഹസ്യമൊഴി

മന്ത്രിസഭയിലെ മൂന്നു മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും ഡോളര്‍ ഇടപാടില്‍ പങ്കുണ്ടെന്നും സ്വപ്ന മൊഴി നല്‍കിയതായി കസ്റ്റംസ് വെളിപ്പെടുത്തുന്നു
സ്വപ്‌ന സുരേഷ്, പിണറായി വിജയന്‍ / ഫയല്‍ ചിത്രം
സ്വപ്‌ന സുരേഷ്, പിണറായി വിജയന്‍ / ഫയല്‍ ചിത്രം

കൊച്ചി : ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു പങ്കെന്ന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി. മുഖ്യമന്ത്രിക്ക് കോണ്‍സല്‍ ജനറലുമായി ബന്ധമുണ്ട്. ഇരുവരും തമ്മില്‍ നേരിട്ട് നേരിട്ട് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു എന്നും സ്വപ്‌നയുടെ രഹസ്യമൊഴിയിലുള്ളതായി കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

മന്ത്രിസഭയിലെ മൂന്നു മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും ഡോളര്‍ ഇടപാടില്‍ പങ്കുണ്ടെന്നും സ്വപ്ന മൊഴി നല്‍കിയതായി കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു. ജയിലില്‍ വച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയില്‍ വകുപ്പും കസ്റ്റംസ് തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നുണ്ട്. ഈ ഹര്‍ജിയുടെ ഭാഗമായിട്ടാണ് കസ്റ്റംസ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. 

മജിസ്‌ട്രേറ്റിനു മുമ്പാകെ നേരിട്ട് ഹാജരായി നല്‍കിയ സെക്ഷന്‍ 164 പ്രകാരമുള്ള മൊഴിയിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെയുള്ള പരാമര്‍ശങ്ങള്‍. ഡോളര്‍ ഇടപാടുകള്‍ മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും നിര്‍ദേശപ്രകാരമാണ്. പല ഉന്നതര്‍ക്കും കമ്മീഷന്‍ കിട്ടിയെന്നും സ്വപ്‌ന പറയുന്നു. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും അറബി അറിയില്ല. അതിനാല്‍ ഇവര്‍ക്കും കോണ്‍സുലാര്‍ ജനറലിനും ഇടയില്‍ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനാണ്. എല്ലാ ഇടപാടുകളെക്കുറിച്ചും തനിക്ക് വ്യക്തിപരമായി അറിയാമെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്. 

മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ലൈഫ് മിഷനില്‍ അടക്കം നിരവധി പ്രമുഖര്‍ക്ക് കമ്മീഷന്‍ ലഭിച്ചിട്ടുണ്ട്. ഉന്നതരുടെ പേര് വെളിപ്പെടുത്താതിരിക്കാന്‍ തന്നെ ജയിലില്‍ വെച്ച് ഭീഷണിപ്പെടുത്തി. തന്റെ കുടുംബവും ഭീഷണി നേരിടുന്നതായും സ്വപ്‌ന മൊഴി നല്‍കിയതായി കസ്റ്റംസ് പറയുന്നു. 

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെയും മൊഴി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാര്‍ - കോണ്‍സുലേറ്റ് ഇടപാടിലെ കണ്ണിയാണ്. സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും സ്വപ്‌ന വെളിപ്പെടുത്തിയതായി കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com