തൃശൂരില്‍ സുനില്‍കുമാറിന് പകരം ആര് ?; സിപിഐ നേതൃയോഗങ്ങള്‍ ഇന്ന്; സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കും

കരുനാഗപ്പള്ളിയില്‍ സിറ്റിങ് എം എല്‍ എ ആര്‍ രാമചന്ദ്രന്‍ തന്നെ വീണ്ടും മല്‍സരിക്കാനാണ് സാധ്യത
വി എസ് സുനില്‍ കുമാര്‍ / ഫയല്‍ ചിത്രം
വി എസ് സുനില്‍ കുമാര്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനായി സിപിഐ നേതൃയോഗങ്ങള്‍ ഇന്ന് ചേരും. മണ്ഡലം കമ്മിറ്റികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ തൃശൂര്‍  ജില്ലാ എക്‌സിക്യൂട്ടീവ് യോഗം പരിശോധിച്ച് ക്രോഡീകരിക്കും. ഇതില്‍ നിന്നും മൂന്നുപേരുകള്‍ മുന്‍ഗണനാക്രമത്തില്‍ സാധ്യതാ പട്ടികയായി സംസ്ഥാന നേതൃത്വത്തിന് കൈമാറും. 

തൃശൂരില്‍ മന്ത്രി വി എസ് സുനില്‍കുമാറിന് പകരം, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സാറാമ്മ റോബ്‌സണ്‍, ജില്ലാ സെക്രട്ടറി കെ കെ വല്‍സരാജ്, അസി.സെക്രട്ടറി പി ബാലചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഷീല വിജയകുമാര്‍, മന്ത്രി സുനില്‍കുമാറിന്റെ പി എസ് പ്രദീപ് കുമാര്‍ തുടങ്ങിയവരുടെ പേരുകള്‍ പരിഗണിക്കുന്നുണ്ട്. ടേം നിബന്ധന ഉള്ളതിനാല്‍ മന്ത്രിയുടെ  പേര് മണ്ഡലം കമ്മിറ്റികള്‍ മുന്നോട്ടുവെച്ചിട്ടില്ല.

ഒല്ലൂരില്‍ കെ രാജന്‍,  നാട്ടികയില്‍ നിലവിലെ എംഎല്‍എ ഗീത ഗോപിയുടെ പേരിനൊപ്പം എന്‍ കെ ഉദയപ്രകാശിന്റെയും, കൊടുങ്ങല്ലൂരില്‍ വി ആര്‍ സുനില്‍കുമാറിന്റെയും കൈപ്പമംഗലത്ത് ഇ ടി ടൈസന്റെയും പേരുകളാണ് മണ്ഡലം കമ്മിറ്റികള്‍ മുന്നോട്ടു വെച്ചിട്ടുള്ളത്.

സ്ഥാനാര്‍ഥി പട്ടിക തയാറാക്കാനുള്ള സി പി ഐ കൊല്ലം ജില്ലാ നിര്‍വാഹക സമിതിയും ഇന്ന് യോഗം ചേരും. കരുനാഗപ്പള്ളിയില്‍ സിറ്റിങ് എം എല്‍ എ ആര്‍ രാമചന്ദ്രന്‍ തന്നെ വീണ്ടും മല്‍സരിക്കാനാണ് സാധ്യത. ചടയമംഗലം, പുനലൂര്‍ സീറ്റുകളില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയേക്കും. ചാത്തന്നൂരില്‍ ജി എസ് ജയലാലിനെ മൂന്നാമതും മല്‍സരിപ്പിക്കണോ എന്ന കാര്യത്തിലും ചര്‍ച്ചയാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com