നോക്കുകൂലി: പരാതി ലഭിച്ചാലുടന്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം; ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്ഥ ഒഴിവാക്കണം; ഡിജിപിയുടെ സര്‍ക്കുലര്‍

മുന്തിയ പരിഗണന നല്‍കി കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്
ഡിജിപി അനില്‍ കാന്ത് / ഫയല്‍ ചിത്രം
ഡിജിപി അനില്‍ കാന്ത് / ഫയല്‍ ചിത്രം

തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാല്‍ ഉടന്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം. ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി അനില്‍കാന്ത് നിര്‍ദേശം നല്‍കി. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കിയത്. 

മുന്തിയ പരി​ഗണന നൽകണം

മുന്തിയ പരിഗണന നല്‍കി കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിച്ച് പരാതിക്കാരുടെ ബുദ്ധിമുട്ടുകളും ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്ഥയും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. 

പിടിച്ചുപറിക്ക് കേസെടുക്കണമെന്ന് കോടതി
 
നോക്കുകൂലി സംബന്ധിച്ച കേസുകളില്‍ പിടിച്ചുപറിക്കും മറ്റു കുറ്റകൃത്യങ്ങള്‍ക്കുമുളള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് റജിസ്റ്റര്‍ ചെയ്യണമെന്നാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. നോക്കുകൂലി ആവശ്യപ്പെടുന്ന വ്യക്തികള്‍, യൂണിയനുകള്‍, യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് നിര്‍ദേശം. 

ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബാധകമായ വകുപ്പുകള്‍ പ്രകാരവും കേസ് റജിസ്റ്റര്‍ ചെയ്യണം. ഹര്‍ജി പരിഗണിക്കുന്ന അടുത്ത മാസം എട്ടിനു മുന്‍പു ഡിജിപി സര്‍ക്കുലര്‍ ഇറക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. 

തൊഴിലാളിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ വ്യവസ്ഥ

നോക്കുകൂലി ആവശ്യപ്പെട്ടെന്നു കണ്ടെത്തിയാല്‍ ചുമട്ടുതൊഴിലാളിയുടെ ലൈസന്‍സ് റദ്ദാക്കാനും കനത്ത പിഴ ഈടാക്കാനും വ്യവസ്ഥ ചെയ്തു കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍ കൊണ്ടുവരുന്ന ഭേദഗതിയെ സംബന്ധിച്ച പുരോഗതി അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

നോക്കുകൂലി ആവശ്യപ്പെടുന്ന റജിസ്‌ട്രേഷനുള്ള തൊഴിലാളിയെ പുറത്താക്കാനും കനത്ത പിഴ ചുമത്താനും ചുമട്ടുതൊഴിലാളി നിയമപ്രകാരം ബന്ധപ്പെട്ട അധികൃതര്‍ക്കു അധികാരം നല്‍കി ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് ഗവണ്‍മെന്റ് പ്ലീഡര്‍ കോടതിയെ അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com