കേരളം അദാനിയില്‍ നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നു; കേന്ദ്രവുമായുള്ള ഒത്തുകളിയെന്ന് ചെന്നിത്തല 

തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല / ഫയല്‍ ചിത്രം
രമേശ് ചെന്നിത്തല / ഫയല്‍ ചിത്രം

ആലപ്പുഴ: തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ 8850 കോടി രൂപയുടെ കരാറില്‍ കെഎസ്ഇബി ഏര്‍പ്പെട്ടുവെന്ന് ചെന്നിത്തല ആരോപിച്ചു. 25 വര്‍ഷമാണ് കരാര്‍ കാലാവധി.ഇതുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണ് ഉണ്ടാകാന്‍ പോകുന്നത്. 25 കൊല്ലം അദാനിക്ക് ജനങ്ങളെ പിഴിയാന്‍ വഴിയൊരുക്കിയിരിക്കുകയാണെന്നും ഹരിപ്പാട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല ആരോപിച്ചു. 

300 മെഗാവാട്ട് വൈദ്യുതി കൂടിയ വിലയ്ക്ക് അദാനിയില്‍ നിന്ന് വാങ്ങാനുള്ള എഗ്രിമെന്റാണ് വച്ചിരിക്കുന്നതെന്നും ഇത് കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി ചേര്‍ന്നുള്ള അഴിമതിയാണെന്നും ചെന്നിത്തല ആരോപിച്ചു. സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2019 ജൂണിലും സെപ്റ്റംബറിലും കേന്ദ്രത്തിലെ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുമായി ഒപ്പുവെച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴി തുറന്നിരിക്കുന്നത്. 

നിലവില്‍ യൂണിറ്റിന് രണ്ടുരൂപാ നിരക്കില്‍ സോളാര്‍ ലഭ്യമാണെന്നിരിക്കേ എന്തിനാണ് കൂടിയ വിലയ്ക്ക് കരാര്‍. 2.82 രൂപാ നിരക്കില്‍ അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാറാണ് ഉണ്ടായിരിക്കുന്നത്. 25 കൊല്ലത്തേക്ക് അദാനി ഗ്രൂപ്പില്‍നിന്ന് കെഎസ്ഇബി വൈദ്യുതി വാങ്ങേണ്ടി വരും. ഓരോ യൂണിറ്റിനും ഒരു രൂപയോളം സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ അദാനിക്ക് കൂടുതല്‍ നല്‍കേണ്ടി വരും. ഇതുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

റിന്യൂവല്‍ പര്‍ച്ചേസ് ഒബ്ലിഗേഷ(ആര്‍പിഒ)ന്റെ മറവിലാണ് ഈ കരാറില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അദാനിയുമായി ഉണ്ടാക്കിയിരിക്കുന്ന കരാര്‍ കാറ്റില്‍നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങുന്നതിനാണ്. ആര്‍പിഒയുടെ പരിധിയില്‍ കാറ്റില്‍നിന്നുള്ള വൈദ്യുതി മാത്രമല്ല തിരമാലയില്‍നിന്നും സോളാറില്‍നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉള്‍പ്പെടും.

ചെറുകിട വൈദ്യുതി പദ്ധതികളും സോളാര്‍ അടക്കമുള്ള സംവിധാനങ്ങളും ഉള്ളപ്പോള്‍ എന്തിനാണ് കൂടുതല്‍ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് ഉടന്‍ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കുമേല്‍ വലിയ ഭാരം അടിച്ചേല്‍പ്പിക്കുകയാണ്. യൂണിറ്റിന് ഒരു രൂപ നിരക്കില്‍ വൈദ്യുതി കിട്ടുമ്പോള്‍ എന്തിനാണ്  കൂടിയ വിലയ്ക്ക് കരാറെന്നാണ് ചെന്നിത്തലയുടെ ചോദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com