കളിക്കാന്‍ പോയ കുട്ടിയെ വിളിച്ചുവരുത്തി മര്‍ദ്ദിച്ചു ; ബോധരഹിതനാകുന്നതു വരെ തല്ലി , കഴുത്തു ഞെരിച്ചു ; പുറത്തുവന്നത് ഞെട്ടിക്കുന്ന തെളിവുകള്‍ ; സഹോദരന്‍ വിദേശത്തേക്ക് കടന്നു

സഹോദരന്‍ അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് ഗ്രുപ്പുകളില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി
അബ്ദുൾ അസീസിനെ സഹോദരൻ മർദ്ദിക്കുന്ന വാട്സ്ആപ്പ് ദൃശ്യം / ടെലിവിഷൻ ചിത്രം
അബ്ദുൾ അസീസിനെ സഹോദരൻ മർദ്ദിക്കുന്ന വാട്സ്ആപ്പ് ദൃശ്യം / ടെലിവിഷൻ ചിത്രം

കോഴിക്കോട് : നാദാപുരം നരിക്കാട്ടേരിയില്‍ 16 കാരനായ അബ്ദുള്‍ അസീസ് ദുരുഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കോഴിക്കോട് റൂറള്‍ എസ് പി പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഡിവൈഎസ്പി ഷാജ് ജോസിനാണ് അന്വേഷണ ചുമതല. മൂത്ത സഹോദരന്‍ അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് ഗ്രുപ്പുകളില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. 

നേരത്തെ ലോക്കല്‍ പൊലീസും ജില്ലാ ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് പറഞ്ഞ് എഴുതി തള്ളിയ കേസിലാണ് ഇപ്പോള്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നിര്‍ണായക വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. 2020 മെയ് 17 നാണ് സംഭവം നടക്കുന്നത്. സംഭവ സമയത്ത് അസീസിന്റെ പിതാവും രണ്ടാനമ്മയും സഹോദരനും വീട്ടിലുണ്ട്. സഹോദരനാണ് അസീസിന്റെ കഴുത്ത് ഞെരിക്കുന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. 

ഇയാള്‍ ഇപ്പോള്‍ ഗള്‍ഫിലാണ് ഉള്ളത്. ബന്ധുവായ ചെറുപ്പക്കാരനാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് സൂചന. അതിക്രൂരമായ മര്‍ദ്ദനമാണ് അസീസിന് സഹോദരനില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം. അസീസ് ബോധരഹിതനാകുന്നതും വീഡിയോയിലുണ്ട്.  അമ്മയുടെ മരണശേഷം വീട്ടില്‍ നിന്നും വലിയ പീഡനം നേരിടേണ്ടി വരുന്നുവെന്ന് കൊല്ലപ്പെട്ട അന്ന് അസീസ് ഫോണില്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. 

എന്നാല്‍ കേസ് അന്വേഷിച്ച പൊലീസ് ഇക്കാര്യങ്ങളൊന്നും അന്വേഷിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.  മരണം നടന്ന അന്നേദിവസത്തെ വീഡിയോയാണ് പുറത്തുവന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ അംഗം ഷംഷീര്‍ പറഞ്ഞു. കുട്ടി മരിച്ച അന്നത്തെ വേഷമാണ് ദൃശ്യത്തിലുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വീട്ടില്‍ വിളിച്ചുകൊണ്ടു വന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്ന് പ്രദേശവാസിയായ സുബൈദ പറഞ്ഞു. 

കുട്ടിയെ വീട്ടുകാര്‍ പലപ്പോഴും മര്‍ദ്ദിക്കാറുണ്ട്. കുട്ടിയുടെ രണ്ടാം ഉമ്മ ജ്യേഷ്ഠന് പൈസ കൊടുത്തിട്ടാണ് അസീസിനെ മര്‍ദ്ദിക്കാറുള്ളത്. അത് അയല്‍വാസികള്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അവര്‍ വളരെ മോശമായാണ് കുട്ടിയോട് പെരുമാറിയിരുന്നത്. മരിച്ച അന്ന് കുട്ടിയുടെ രണ്ടാം ഉമ്മ പറഞ്ഞത്, അവര്‍ ഉറക്കമെണീറ്റ് വന്നപ്പോല്‍ കുട്ടി പഴവും ചായയും കുടിക്കുന്നതാണ് കണ്ടതെന്നാണ്. രാവിലെ ഒമ്പതുമണിയോടെയാണ് അവര്‍ എഴുന്നേറ്റു വന്നത്. 

കളിക്കാന്‍ പോയ കുട്ടിയെ വിളിച്ചുകൊണ്ടു വന്നാണ് മര്‍ദ്ദിച്ചത്. വീട്ടില്‍ കാണുന്ന ടെയ്‌ലര്‍ മിഷ്യന്‍ വെട്ടിച്ചാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാര്‍ പറയുന്നത്. വീഡിയോ പുറത്തുവന്നതോടെ, സത്യാവസ്ഥ ഇപ്പോള്‍ തെളിഞ്ഞെന്നും വാര്‍ഡ് മെമ്പര്‍ കൂടിയായ സുബൈദ പറഞ്ഞു. കേസ് കൊടുത്തശേഷം ഒരു തവണ മാത്രമാണ് പൊലീസുകാര്‍ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരെയോ, രാഷ്ട്രീയക്കാരെയോ, കുട്ടിയുടെ അമ്മാവന്‍മാരെയോ കണ്ട് അന്വേഷിച്ചത്. തുടര്‍ന്ന് കേസെടുക്കാതെ ഉപേക്ഷിക്കുകയാണ് പൊലീസ് ചെയ്തതെന്നും സുബൈദ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com