വിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; പ്രതിഷേധവുമായി നാട്ടുകാർ തെരുവിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd April 2021 08:51 AM |
Last Updated: 03rd April 2021 08:51 AM | A+A A- |
കൊല്ലപ്പെട്ട ഗംഗാദേവി
വയനാട്; കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം. വയനാട് നടവയല്‍ നെയ്ക്കുപ്പ പരേതനായ വെള്ളിലാട്ട് ദിവാകരന്റെ ഭാര്യ ഗംഗാദേവി (48) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.
സഹോദരി ഭര്‍ത്താവ് കരുണാകരനുമൊത്ത് വീടിനോട് ചേര്‍ന്നുള്ള പാതിരി സൗത്ത് സെക്ഷന്‍ വനത്തില്‍ വിറക് ശേഖരിക്കുകയായിരുന്നു ഗംഗാദേവി. അതിനിടെ കാട്ടാന ഓടിയടുക്കുന്നതു കണ്ട കരുണാകരൻ രക്ഷപ്പെടാൻ ഗംഗാദേവിയോട് വിളിച്ചുപറഞ്ഞു. ഓടിമാറാൻ കഴിയുന്നതിന് മുൻപേ അടുത്തെത്തിയ കാട്ടാന ഗംഗ ദേവിയെ മുള്‍പടര്‍പ്പുകള്‍ക്കുള്ളിലിട്ട് ആക്രമിക്കുകയായിരുന്നു.
വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തി ബഹളം വെച്ചതോടെ ആന ഉള്‍ക്കാട്ടിലേക്ക് മറഞ്ഞു. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഗംഗയെ കല്‍പറ്റ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് വൈകുന്നേരം മൂന്ന് മണിയോടെ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തരമ നഷ്ടപരിഹാരം നല്‍കുമെന്ന് വനംവകുപ്പ് നല്‍കിയെ ഉറപ്പിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു.