എസ് എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്നുമുതല്‍ ; കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം

വിഎച്ച്എസ്ഇയില്‍ അടക്കം മൂന്നുവിഭാഗങ്ങളിലുമായി ഒമ്പതുലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് തുടങ്ങും. വെള്ളിയാഴ്ച തുടങ്ങുന്ന വിഎച്ച്എസ്ഇയില്‍ അടക്കം മൂന്നുവിഭാഗങ്ങളിലുമായി ഒമ്പതുലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. 

2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ് എസ് എസ്എല്‍സി പരീക്ഷയെഴുതുന്നത്. ഇതില്‍ 2,15,660 പേര്‍ ആണ്‍കുട്ടികളും 2,06,566 പേര്‍ പെണ്‍കുട്ടികളുമാണ്. ഗള്‍ഫില്‍ ഒമ്പതുകേന്ദ്രങ്ങളിലായി 573-ഉം ലക്ഷദ്വീപില്‍ ഒമ്പതുകേന്ദ്രങ്ങളിലായി 627-ഉം പേര്‍ പരീക്ഷയെഴുതുന്നുണ്ട്.

2004 കേന്ദ്രങ്ങളിലായി 4,46,471 പേരാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതുന്നത്. ഇതില്‍ 2,26,325 പേര്‍ ആണ്‍കുട്ടികളും 2,20,146 പേര്‍ പെണ്‍കുട്ടികളുമാണ്. 27,000 വിദ്യാര്‍ഥികളാണ് വിഎച്ച്എസ്ഇ പരീക്ഷയെഴുതുന്നത്. ടിഎച്ച്എസ്എല്‍സി വിഭാഗത്തില്‍ 48 കേന്ദ്രങ്ങളിലായി 2889 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നുണ്ട്.

വ്യാഴാഴ്ചയും തിങ്കളാഴ്ചയും ഉച്ചയ്ക്ക് 1.40 മുതലും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40 മുതലുമാണ് എസ് എസ്എല്‍സി പരീക്ഷ. റംസാന്‍ നോമ്പ് പ്രമാണിച്ച് 15 മുതല്‍ 29 വരെയുള്ള പരീക്ഷകള്‍ രാവിലെ 9.40-നു തുടങ്ങും. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ രാവിലെ 9.40-നാണ്. എസ് എസ്എല്‍സി പരീക്ഷ 29-നും ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ  പരീക്ഷകള്‍ 26-നും അവസാനിക്കും. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകണം പരീക്ഷകൾ നടത്തേണ്ടതെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. തെർമൽ സ്കാനർ അടക്കമുള്ള സംവിധാനങ്ങള്‍ പരീക്ഷാകേന്ദ്രത്തിലൊരുക്കും. ക്ലാസ് മുറികളില്‍ പേന, ഇന്‍സ്ട്രുമെന്റ് ബോക്‌സ് എന്നിവ കൈമാറ്റംചെയ്യാന്‍ അനുവദിക്കില്ല. കോവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന വിവരം  ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും വിദ്യാര്‍ത്ഥിയും ഇന്‍വിജിലേറ്ററും പിപിഇ കിറ്റ് ധരിക്കുകയും വേണമെന്നും നിർദേശിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com