അടുത്ത മൂന്നാഴ്ച നിര്‍ണായകം ; മാസ്‌ക് ധരിച്ചില്ലെങ്കില്‍ കര്‍ശന നടപടി ; 45 വയസ്സ് കഴിഞ്ഞവര്‍ ഉടന്‍ വാക്‌സിനെടുക്കണം ; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

പ്രതിദിന കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ്. ഈ സാഹചര്യം മുന്നില്‍ കണ്ട് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് അതിതീവ്ര വ്യാപനമുണ്ടായിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. 

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 'ബാക് ടു ബേസിക്‌സ്' കാമ്പയിന്‍ ശക്തിപ്പെടുത്തുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സോപ്പും മാസ്‌കും സാമൂഹിക അകലവും മറക്കരുത്. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കേണ്ടതാണ്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസര്‍ കൊണ്ടോ സോപ്പുപയോഗിച്ചോ വൃത്തിയാക്കണം.

പ്രതിദിന കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആര്‍ടിപിസിആര്‍ പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്നും വരുന്നവര്‍ക്ക് ഒരാഴ്ച ക്വാറന്‍ നിര്‍ബന്ധമാണ്. എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. 

തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കും വോട്ട് ചെയ്യാന്‍ പോയ പൊതുജനങ്ങള്‍ക്കും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ എത്രയും വേഗം കോവിഡ് പരിശോധന നടത്തേണ്ടതാണ്. സിറോ സര്‍വയലന്‍സ് സര്‍വേ പ്രകാരം സംസ്ഥാനത്ത് 10.76 ശതമാനം പേര്‍ക്കുമാത്രമേ കോവിഡ് വന്നുപോയിട്ടുള്ളൂ. 89 ശതമാനം ആളുകള്‍ക്കും കോവിഡ് വന്നിട്ടില്ലാത്തതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്.

45 വയസ് കഴിഞ്ഞവര്‍ കഴിയുന്നത്ര വേഗത്തില്‍ വാക്‌സിനെടുക്കേണ്ടതാണ്. സംസ്ഥാനത്ത് ഇതുവരെ 37,56,751 പേര്‍ ആദ്യ ഡോസ് വാക്‌സിനും 4,47,233 പേര്‍ രണ്ടാം വാക്‌സിനും ഉള്‍പ്പെടെ ആകെ 42,03,984 പേരാണ് വാക്‌സിനെടുത്തിട്ടുള്ളത്. പ്രായമുള്ളവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ സങ്കീര്‍ണമാകും. അതിനാല്‍ ബാക് ടു ബേസിക്‌സ് കാമ്പയിന്‍ എല്ലാവരും ഏറ്റെടുക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com