പത്തുകിലോ അരി, 782രൂപയുടെ കിറ്റ്, കടലമിഠായി; വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഭക്ഷ്യഭദ്രതാ അലവന്‍സ് വിതരണം ഇന്നുമുതല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2021 07:01 AM  |  

Last Updated: 12th August 2021 07:01 AM  |   A+A-   |  

food_kit

ഫയല്‍ ചിത്രം


തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി ഭക്ഷ്യഭദ്രതാ അലവന്‍സ് വിതരണം ഇന്നുമുതല്‍ ആരംഭിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അര്‍ഹരായ എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും സ്‌കൂളുകള്‍ തുറക്കുന്നതു വരെ അലവന്‍സ് നല്‍കും. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള 5 മാസങ്ങളിലേക്കുള്ള അലവന്‍സ് ആണ് ഇപ്പോള്‍ നല്‍കുക.

എട്ടാം ക്ലാസ്സ് വരെയുള്ള 29,52,919 വിദ്യാര്‍ഥികള്‍ക്ക് അലവന്‍സ് ലഭിക്കും. ഇതോടൊപ്പം സംസ്ഥാനത്തെ 43 സ്പെഷല്‍ സ്‌കൂളുകളിലെ 8ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കും ആനുകൂല്യം ലഭിക്കും. പ്രീപ്രൈമറി, പ്രൈമറി വിഭാഗം സ്‌കൂള്‍ കുട്ടികള്‍ക്കു യഥാക്രമം 2 കിലോ, 6 കിലോ അരിയും 497 രൂപയ്ക്കുള്ള ഭക്ഷ്യകിറ്റുകളും നല്‍കും. യുപി വിഭാഗം കുട്ടികള്‍ക്ക് 10 കിലോ അരിയും 782.25 രൂപയ്ക്കുള്ള ഭക്ഷ്യകിറ്റും നല്‍കും.

പ്രീപ്രൈമറി, പ്രൈമറി വിഭാഗങ്ങള്‍ക്കുള്ള ഭക്ഷ്യകിറ്റുകളില്‍ 500 ഗ്രാം ചെറുപയര്‍, 500 ഗ്രാം തുവരപ്പരിപ്പ്, 500 ഗ്രാം ഉഴുന്നുപരിപ്പ്, 1 കിലോ വറുത്ത റവ, 1 കിലോഗ്രാം റാഗിപ്പൊടി, 1 ലീറ്റര്‍ വെളിച്ചെണ്ണ, 100 ഗ്രാം കടല/കപ്പലണ്ടി മിഠായി എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. യുപി വിഭാഗത്തിനുള്ള ഭക്ഷ്യകിറ്റുകളില്‍ 1 കിലോ ചെറുപയര്‍, 500 ഗ്രാം തുവരപ്പരിപ്പ്, 1 കിലോ ഉഴുന്നുപരിപ്പ്, 1 കിലോ വറുത്ത റവ, 1 കിലോ റാഗിപ്പൊടി, 2 ലീറ്റര്‍ വെളിച്ചെണ്ണ, 100 ഗ്രാം കടല/കപ്പലണ്ടി മിഠായി എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സപ്ലൈകോ കിറ്റുകള്‍ സ്‌കൂളുകളില്‍ എത്തിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സ്‌കൂളുകളില്‍നിന്നു രക്ഷിതാക്കള്‍ക്കു കിറ്റുകള്‍ വിതരണം ചെയ്യും.