കേരളത്തിലെ കോവിഡ് സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രസംഘം ഇന്ന് സംസ്ഥാനത്തെത്തും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th August 2021 06:12 AM  |  

Last Updated: 16th August 2021 06:12 AM  |   A+A-   |  

Mansukh Mandaviya

മന്‍സൂഖ് മാണ്ഡവ്യ/ഫയല്‍

 


തിരുവനന്തപുരം : കേരളത്തിലെ കോവിഡ് സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ഇന്ന് സംസ്ഥാനത്തെത്തും. പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചശേഷവും കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നത് അടക്കമുള്ള സാഹചര്യങ്ങള്‍ കേന്ദ്രസംഘം വിലയിരുത്തും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അവലോകനയോഗവും ചേരും. 

സംസ്ഥാനത്തെ കോവിഡ് വാക്‌സിനേഷന്‍ നടപടികളും സംഘം വിലയിരുത്തും. സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായും കേന്ദ്രമന്ത്രി ചര്‍ച്ച നടത്തും. രാജ്യത്ത് പ്രതിദിനം ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലായ സാഹചര്യത്തിലാണ് വിദഗ്ധ സംഘത്തിന്റെ സന്ദര്‍ശനം. 

സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗബാധ ഉണ്ടാകുന്നത് ( ബ്രേക് ത്രൂ ഇന്‍ഫെക്ഷന്‍) കൂടുതലാണെന്ന് അടുത്തിടെ കേരളത്തിലെത്തിയ കേന്ദ്രസംഘം വിലയിരുത്തിയിരുന്നു. പത്തനംതിട്ട ജില്ലയില്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച 5042 പേര്‍ക്ക് വീണ്ടും രോഗബാധ ഉണ്ടായതായാണ് കണ്ടെത്തിയത്. 

ഈ സാഹചര്യത്തില്‍ മറ്റു ജില്ലകളിലെ വിവരങ്ങളും ആരോഗ്യവകുപ്പ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ സംസ്ഥാനത്ത് പ്രതിദിനം 
ഇരുപതിനായിരത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥീരീകരിക്കുന്നത്. ഇനന്‌ലെ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ആണ്.