താത്കാലിക ജോലിയിൽ നിന്ന് ഭർത്താവിനെ പിരിച്ചുവിട്ടു; ഭാര്യ കിണറ്റിൽ ചാടി ജീവനൊടുക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2021 07:49 PM  |  

Last Updated: 22nd August 2021 07:49 PM  |   A+A-   |  

sindhu

സിന്ധു

 

കൊച്ചി: ദിവസ വേതനക്കാരനായ ഭർത്താവിനെ ജോലിയിൽ നിന്നു നീക്കം ചെയ്ത മനോവിഷമത്തിൽ ഭാര്യ ജീവനൊടുക്കി. കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ടമോളയി‍ൽ സുരേന്ദ്രന്റെ ഭാര്യ സിന്ധു (45)വാണ് മരിച്ചത്. കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. 

ചൂണ്ടി വാട്ടർ അതോറിറ്റിയിൽ 10 വർഷമായി താത്കാലിക ജീവനക്കാരനായിരുന്നു ഇവരുടെ ഭർത്താവ് സുരേന്ദ്രൻ. വാട്ടർ അതോറിറ്റിയിൽ മന്ത്രിതല മാറ്റമുണ്ടായതോടെ പ്രാദേശിക രാഷ്ട്രീയ നേതൃത്വം ഇടപെട്ടു സുരേന്ദ്രനെ ജോലിയിൽ നിന്നു മാറ്റിയിരുന്നു. ആഴ്ചയിൽ 3 ദിവസം 450 രൂപ ദിവസ വേതനം ലഭിക്കുന്ന ജോലിക്കായി സുരേന്ദ്രൻ പലരെയും കണ്ടെങ്കിലും എല്ലാവരും കൈമലർത്തി. 

ഭർത്താവിന് ജോലി പോയതിൽ കടുത്ത വിഷാദത്തിലായിരുന്നു സിന്ധുവെന്നു സമീപവാസികൾ പറഞ്ഞു. കോവിഡ് കാലമായതിനാൽ സുരേന്ദ്രനു മറ്റൊരു ജോലി കണ്ടെത്താനായില്ല. 

കഴിഞ്ഞ 18നു പുലർച്ചെയാണു സിന്ധു വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയത്. വീട്ടുകാരും നാട്ടുകാരും ചേർന്നു കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും 21നു മരിച്ചു. സംസ്കാരം നടത്തി. കറുകപ്പള്ളി ഗവ. എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ഹരിനാരായണൻ, യുകെജി വിദ്യാർഥി സാകേത് എന്നിവരാണ് മക്കൾ.