ജാമ്യത്തിലിറങ്ങി; പിന്നാലെ ബൈക്ക് മോഷ്ടിച്ച് കറക്കം; യുവാവ് പൊലീസ് പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2021 07:19 PM  |  

Last Updated: 22nd August 2021 07:19 PM  |   A+A-   |  

aneesh

അനീഷ് മോഹൻ

 

കോഴിക്കോട്: മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന യുവാവിനെ പൊലീസ് പിടികൂടി.  കൂടരഞ്ഞി മരംഞ്ചാട്ടി സ്വദേശി മൂലം പാറക്കൽ അനീഷ് മോഹൻ ആണ് പിടിയിലായത്. തിരുവമ്പാടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ഇന്ന് രാവിലെ തിരുവമ്പാടി സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎം കൗണ്ടറിന് മുൻവശം സംശയാസ്പദമായി നിൽക്കുന്ന ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുടുങ്ങിയത്. അനീഷ് സഞ്ചരിച്ച ബൈക്ക് തോട്ടുമുക്കത്ത് നിന്ന് മോഷ്ടിച്ചതാണെന്ന് പൊലീസ് മനസ്സിലാക്കി. തുടർന്ന് നടന്ന പരിശോധനയിൽ വാഹനത്തിൽ പൂട്ട് പൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പിയും കണ്ടെത്തുകയായിരുന്നു. ഇതോടെ പൊലീസ് അനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

പ്രതി നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ 16ാം തീയതി പ്രതി കോഴിക്കോട് ജില്ലാ ജയിലിൽ നിന്നു ജാമ്യത്തിൽ ഇറങ്ങിയയതാണെന്നു പൊലീസ് പറഞ്ഞു. അനീഷിനെതിരെ മുക്കം പൊലീസ് സ്റ്റേഷനിലും താമരശ്ശേരി, മെഡിക്കൽ കോളജ്, കുന്ദമംഗലം, തിരുവമ്പാടി സ്റ്റേഷനുകളിലും മോഷണം, പോക്സോ ഉൾപ്പെടെ നിരവധി കേസുകളുണ്ട്. 

തിരുവമ്പാടി എസ്ഐ ആഷിം കെകെയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. താമശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.