ജയിലില്‍വച്ച് പരിചയപ്പെട്ടു; നാല്‍പ്പതോളം സ്ത്രീകളുടെ 100 പവന്‍ സ്വര്‍ണമാല പൊട്ടിച്ചു; ആഡംബരജീവിതം; അറസ്റ്റ്

സ്വര്‍ണം വിറ്റുകിട്ടുന്ന പണം ആഡംബരം ജീവിതത്തിനാണ് ചെലവഴിച്ചിരുന്നതെന്ന്  പൊലീസ് 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: നാല്‍പ്പതോളം സ്ത്രീകളുടെ മാലപൊട്ടിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി പെരുമ്പടപ്പ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മാവേലിക്കര തെക്കേക്കര കല്ലുവെട്ടാം കുഴിയില്‍ താമസിക്കുന്ന എസ്.ഉണ്ണിക്കൃഷ്ണന്‍, കൊല്ലം തിരുക്കടവ് അഞ്ചാലുംമൂട് ശശി എന്നിവരെയാണു പെരുമ്പടപ്പ് സിഐ സിഐ വി.എം കേഴ്‌സണ്‍ മാര്‍ക്കോസും സഘവും അറസ്റ്റ് ചെയ്തത്.

ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി രണ്ട് വര്‍ഷത്തിനുള്ളില്‍ നാല്‍പ്പതോളം സ്ത്രീകളുടെ മാല പൊട്ടിച്ചതായി പൊലീസ് അറിയിച്ചു. രണ്ട് പേരും നിരവധി മോഷണ കേസുകളിലും പ്രതിയാണ്. ജയിലില്‍വച്ചാണ് പരിചയപ്പെടുന്നത്. ബൈക്കിന്റെ നമ്പര്‍ മാറ്റി ഹെല്‍മറ്റ് ധരിച്ചായിരുന്നു മാലപറിക്കല്‍. 

ആലപ്പുഴയില്‍ ഒറ്റദിവസം വനിത പൊലീസുകാരി ഉള്‍പ്പടെ അഞ്ച് പേരുടെ മാലയാണ് കവര്‍ന്നത്. മലപ്പുറം ജില്ലയിലേക്ക് എത്തിയതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ പൊന്നാനിചാവക്കാട് ദേശീയ പാതയിലെ പാലപ്പെട്ടി കാപ്പിരിക്കാട് വച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. വിവിധ സ്ഥലങ്ങളില്‍ നിന്നായി നൂറിലധികം പവന്‍ സ്വര്‍ണ മാലകള്‍ പൊട്ടിച്ചിട്ടുണ്ടെന്നും സ്വര്‍ണം വിറ്റുകിട്ടുന്ന പണം ആഡംബരം ജീവിതത്തിനാണ് ചെലവഴിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com