ഐസിയു, വെന്റിലേറ്റർ പ്രതിസന്ധിയില്ല; ആശങ്ക പരത്തുന്ന പ്രചാരണങ്ങൾ നടത്തരുത്: ആരോ​ഗ്യ മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th August 2021 09:28 PM  |  

Last Updated: 26th August 2021 09:29 PM  |   A+A-   |  

health minister veena george

ആരോ​ഗ്യമന്ത്രി വീണാ ജോർജ്


തിരുവനന്തപുരം: സംസ്ഥാനത്ത് ആശുപത്രികളിൽ നിലവിൽ ഐ.സി.യു., വെന്റിലേറ്റർ പ്രതിസന്ധിയില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരു ജില്ലയിലും തീവ്രപരിചണ ചികിത്സയ്ക്ക് ഇപ്പോൾ ബുദ്ധിമുട്ട് നേരിടുന്നില്ല. ആശങ്ക പരത്തുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. സർക്കാർ ആശുപത്രികൾക്ക് പുറമേ 281 എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ എ.പി.എൽ. ബി.പി.എൽ. വ്യത്യാസമില്ലാതെ സൗജന്യമാണ്. സർക്കാർ ആശുപത്രികളിൽ ഐ.സി.യു. സൗകര്യമോ വെന്റിലേറ്റർ സൗകര്യമോ ലഭ്യമല്ലെങ്കിൽ ഇത്തരം ആശുപത്രികളിലേക്ക് മാറ്റി ചികിത്സിപ്പിക്കുന്നതിനുള്ള സംവിധാനവുമുണ്ട്. അതിനാൽ തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ ആശുപത്രികളിൽ ആകെ 3048 ഐ.സി.യു. കിടക്കളുള്ളതിൽ 1020 കോവിഡ് രോഗികളും 740 നോൺ കോവിഡ് രോഗികളുമാണുള്ളത്. 1288 ഐ.സി.യു. കിടക്കകൾ (43 ശതമാനം) ബാക്കിയുണ്ട്. 2293 വെന്റിലേറ്ററുകളുള്ളതിൽ 444 കോവിഡ് രോഗികളും 148 നോൺ കോവിഡ് രോഗികളുമുണ്ട്. 1701 വെന്റിലേറ്ററുകൾ (75 ശതമാനം) ഒഴിവുണ്ട്.

കോവിഡ് ചികിത്സയ്ക്കായി മാത്രം 281 എംപാനൽഡ് ആശുപത്രികളിലായി 20,724 കിടക്കകൾ സജ്ജമാണ്. ഈ ആശുപത്രികളിൽ 2082 ഐസിയുകളും 1081 വെന്റിലേറ്ററുകളുമുണ്ട്. സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കായി 798 പേർ ഐ.സി.യു.വിലും 313 പേർ വെന്റിലേറ്ററിലുമുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കൂടിയാൽ സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെയും ഐ.സി.യു.കളുടേയും എണ്ണം വർധിപ്പിക്കാൻ സാധിക്കുന്നതാണ്. അതിനാൽ തന്നെ ആശങ്കയുടെ കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി