കോടിയരി മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷൻ ചിത്രം
കോടിയരി മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷൻ ചിത്രം

മുസ്ലീങ്ങളെ മുഴുവന്‍ എസ്ഡിപിഐക്കാരായി ചിത്രീകരിക്കരുത്; സിപിഎമ്മില്‍ നുഴഞ്ഞ് കയറാന്‍ അവര്‍ക്ക് കഴിയില്ല; കോടിയേരി ബാലകൃഷ്ണന്‍

മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരെല്ലാം എസ്ഡിപിഐക്കാരായി ചിത്രീകരിക്കരുത്. സിപിഎമ്മിനകത്ത് എല്ലാമതവിഭാഗത്തില്‍പ്പെട്ട ആളുകളുമുണ്ട്.


തിരുവനന്തപുരം: സിപിഎമ്മിനകത്തേക്ക് നുഴഞ്ഞുകയറാന്‍ എസ്ഡിപിഐക്കാര്‍ക്ക് സാധിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍. അങ്ങനെയുള്ള സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും. അത്തരം ആക്ഷേപങ്ങള്‍ പ്രാദേശികമായിരിക്കുമെന്നും കോടിയേരി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരെല്ലാം എസ്ഡിപിഐക്കാരായി ചിത്രീകരിക്കരുത്. സിപിഎമ്മിനകത്ത് എല്ലാമതവിഭാഗത്തില്‍പ്പെട്ട ആളുകളുമുണ്ട്. ഏതെങ്കിലും ഒരുമതത്തില്‍ പെട്ടവര്‍മാത്രമല്ല പാര്‍ട്ടിയിലുള്ളതെന്നും കോടിയേരി പറഞ്ഞു. സിപിഎമ്മിനത്തുള്ള  ഉന്നതനേതാവിനെ പോലും എസ്ഡിപിഐ ചിത്രീകരിക്കുന്നത് ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ്. സലാം എന്നയാള്‍ ഇന്ന് പാര്‍ട്ടി നേതാവായ ആളല്ല. വിദ്യാര്‍ഥിയായ കാലം മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി. ഇപ്പോള്‍ എംഎല്‍എവരെയായി. ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമായാണ് അത്തരം പ്രചാരം നടത്തുന്നതെന്ന് കോടിയേരി പറഞ്ഞു.

കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ആര്‍എസ്എസ് - എസ്ഡിപിഐ ശ്രമിക്കുന്നത്. ആലപ്പുഴയില്‍ ഉണ്ടായ കൊലപാതകങ്ങള്‍ ആസൂത്രിതമാണ്. സംസ്ഥാനത്ത് പലയിടത്തും സമാനസംഭവങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമം. സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് വര്‍ഗീയ വികാരം ഇളക്കിവിടുന്ന പ്രചാരവേല ഇവിടെ തുടര്‍ച്ചയായി നടക്കുന്നു്. ആര്‍എസ്എസ് അതിന് വലിയ തോതില്‍ മുന്‍കൈ എടുക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ട ബിജെപി കേരളത്തില്‍ ഒരു വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കി തിരിച്ചുവരാന്‍ കഴിയുമോ എന്നാണ് ശ്രമിക്കുന്നത്. അതിന് സഹായകരമായ നിലപാടാണ് മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങളും സ്വീകരിക്കുന്നത്. രണ്ട് കൂട്ടരും നടത്തുന്ന ശ്രമം കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ ജനങ്ങള്‍ ശക്തമായി രംഗത്തുവരണം. സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു.

ആലപ്പുഴയിലെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. നിലവില്‍ പൊലീസ് അന്വേഷണം ഫലപ്രദമായാണ് നടക്കുന്നത്. പിടികൂടാന്‍ സമയമെടുത്തായാലും അവര്‍ എവിടെപോയി ഒളിച്ചാലും പൊലീസ് പിടികൂടുമെന്ന് കോടിയേരി പറഞ്ഞു

കൊലനടത്തിയവര്‍ തന്നെയാണ് പൊലീസിനെ കുറ്റപ്പെടുത്തുന്നത്. തങ്ങളാണ് കൊലനടത്തിയതെന്ന് അറിയുന്ന സമൂഹത്തിന് മുന്നിലാണ് ഇവര്‍ ഇത്തരത്തിലുള്ള നിലപാട് എടുക്കുന്നത്. എസ്ഡിപിഐ നേതാവിന്റെ ഒരു ഫെയ്‌സ്ബുക്ക് കുറിപ്പ്തന്നെ ഇതിന്റെ ഉദാഹരണമാണ്. എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ വിലാപയാത്രയല്ല, ആഹ്ലാദപ്രകടനമാണ് നടത്തുക എന്നതെന്നായിരുന്നു ആ കുറിപ്പ്. ഒരു കൊലനടത്തിയാല്‍ അവര്‍ക്ക് ആഹ്ലാദമാണ്. അത്  ഒരുസന്ദേശം കൊടുക്കുകയാണ്. ഇങ്ങനെയുള്ള സംഭവത്തില്‍ പങ്കെടുത്ത് ആളുകള്‍ രക്തസാക്ഷിത്വം വരിക്കുക എന്ന ആഹ്വാനമാണ് കൊടുക്കുന്നത്. അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചതിന് പിന്നാലെ മുസ്്‌ലീം തീവ്രവാദപ്രസ്ഥാനം പൊതുവില്‍ ശക്തിപ്പെട്ടിട്ടുണ്ട. അവിടെ ഉയര്‍ത്തിയ അതേസന്ദേശമാണ് ഇതിലൂടെ പുറത്ത് വന്നത്. ഇത് കേരളീയ സമൂഹത്തിന് ഗുണമാണോ എന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കണമെന്നും കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com