സര്‍ക്കാര്‍ വിജ്ഞാപനത്തിലെ അവ്യക്തതകള്‍ നീക്കണം; വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd February 2021 04:34 PM |
Last Updated: 02nd February 2021 04:34 PM | A+A A- |

കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കൊച്ചി: വാളയാര്‍ കേസ് സിബിഐക്ക് വിട്ട സര്‍ക്കാര്‍ വിജ്ഞാപനത്തിലെ അവ്യക്തതകള്‍ നീക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാവണം സിബിഐ അന്വേഷണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ചയാണ് കേസ് അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറങ്ങിയത്്. പാലക്കാട് പോക്‌സോ കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയിരുന്നു. ഇതോടെയാണ് വിജ്ഞാപനത്തിനുള്ള നിയമ തടസം മാറിയത്. മുഖ്യമന്ത്രി ഉത്തരവിട്ടിട്ടും നിയമവകുപ്പ് സിബിഐ അന്വേഷണത്തെ എതിര്‍ത്തിരുന്നു. കോടതി അനുമതിയോടെ മാത്രമേ തുടരന്വേഷണമാകൂയെന്ന് നിയമ വകുപ്പ് അറിയിച്ചിരുന്നത്.
അന്വേഷണം സിബിഐക്ക് വിട്ടത് കൊണ്ട് മാത്രമായില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്നും അതുവരെ സമരം തുടരുമെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് പോക്‌സോ കോടതിയില്‍ പുനര്‍ വിചാരണ നടപടികള്‍ തുടങ്ങിയിരുന്നു.