പിഎസ് സി എന്നാല്‍ പെണ്ണുമ്പിള്ള സര്‍വീസ് കമ്മീഷനായി മാറി : കെ സുരേന്ദ്രന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th February 2021 11:53 AM |
Last Updated: 05th February 2021 11:53 AM | A+A A- |
കെ സുരേന്ദ്രന്‍ / ഫെയ്‌സ്ബുക്ക് ചിത്രം
തിരുവനന്തപുരം : പിഎസ് സി എന്നാല്‍ പെണ്ണുമ്പിള്ള സര്‍വീസ് കമ്മീഷനായി മാറിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് തൊഴില്‍ നല്‍കുകയാണ് ഇവരുടെ പണി. ഭാര്യമാരുടെ ഉന്നമനത്തിന് വേണ്ടിയാണ് സിപിഎം ഇപ്പോള്‍ നിലകൊള്ളുന്നത്.
ഇന്ത്യാരാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ വിസ്‌ഫോടനമുള്ള സംസ്ഥാനത്ത് സിപിഎം നേതാക്കന്മാരുടെ ഭാര്യമാര്‍ക്ക് മാത്രം മതിയോ ജോലി ?. പൊതുസമൂഹത്തിന് മുന്നില്‍ ഒരു മാന്യതയും മര്യാദയും വേണ്ട. ഇവരൊക്കെ ഇത്ര നാണം കെട്ടവരാണോ?. ജാതിയും മതവും ഇല്ലാത്ത കമ്യൂണിസ്റ്റ് നേതാക്കള്‍ ക്വാട്ട വരുമ്പോള്‍ ജാതി പറയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പബ്ലിക് സര്‍വീസ് കമ്മീഷനെ നോക്കുകുത്തിയാക്കി, പ്രധാന സ്ഥാപനങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളിലും സിപിഎം പ്രവര്‍ത്തകരായ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള അപകടകരമായ നീക്കമാണ് നടത്തുന്നത്. ഇത് കേരളത്തിലെ ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ ചെറിപ്പക്കാരെ വഞ്ചിക്കുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സുപ്രീംകോടതി വിധിയുടെ കാര്യം പറഞ്ഞാണ് യുവജന വിരുദ്ധ നിലപാടിനെ പിണറായി വിജയന്‍ ന്യായീകരിക്കുന്നത്. സുപ്രീംകോടതി വിധി ഒറ്റത്തവണത്തേക്കുള്ളതാണ്. ഇത് ആവര്‍ത്തിക്കരുതെന്ന് കോടതി വിധിയില്‍ തന്നെ പറഞ്ഞിട്ടുണ്ട്.
സിപിഎമ്മിന്റെ യുവനേതാക്കളുടെ ഭാര്യമാരെയെല്ലാം പിന്‍വാതിലിലൂടെ നിയമിച്ചു. കാലടി സര്‍വകലാശാലയില്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടാണ്, മാര്‍ക്കില്ലാത്ത, യോഗ്യതയില്ലാത്ത എംബി രാജേഷിന്റെ ഭാര്യയെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത്. ഇത് ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്ളവര്‍ തന്നെ തുറന്നു പറഞ്ഞു കഴിഞ്ഞു എന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ചെത്തുകാരന്‍ എന്നത് മോശം തൊഴിലല്ല. ദുരഭിമാനം കാണേണ്ടതില്ല. അതില്‍ ജാതി അധിക്ഷേപമില്ല. പിണറായി വിജയന്‍ എത്രപേരെയാണ് ആക്ഷേപിക്കുന്നതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. പരനാറിയെന്നും, നികൃഷ്ട ജീവിയെന്നും എടോ ഗോപാലകൃഷ്ണാ എന്നെല്ലാം വിളിച്ച് ആക്ഷേപിച്ചില്ലേ എന്നും സുരേന്ദ്രന്‍ ചോദിച്ചു. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ബിജെപിയും എന്‍ഡിഎയും ശക്തമായ സമരങ്ങള്‍ നടത്തും. പ്രചാരണ ജാഥകള്‍ വിജയ് യാത്ര എന്ന പേരില്‍ ഫെബ്രുവരി 20 ന് ആരംഭിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.