കോവിഡ് രോഗബാധ  മറച്ചു വച്ച് വിമാനയാത്ര; ഇടപെട്ട് ആരോഗ്യവകുപ്പ്

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ടെസ്റ്റ് ചെയ്യാതെ ലക്ഷണങ്ങള്‍ അവഗണിച്ച് സ്വയം ചികിത്സയ്ക്ക് മുതിരുന്നത് രോഗവ്യാപനം വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കോവിഡ് സ്ഥിരീകരിച്ച വ്യക്തി ഫലം മറച്ചു വച്ച് ,ക്വാറന്റൈന്‍ ലംഘിച്ച്  വിമാനയാത്രയ്ക്കായി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തി.മറ്റു ജില്ലയില്‍ നിന്നും എത്തിയ ഇവര്‍  ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് യാത്ര തുടരാന്‍ ശ്രമിക്കവേ സി.ഐ.എസ്.എഫ് ജവാന്‍മാരുടെ സഹായത്തോടെ  യാത്ര തടയുകയായിരുന്നു. കോവിഡ് പോസിറ്റീവായ വ്യക്തികള്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ അവഗണിച്ച്  വിമാനയാത്രയ്ക്കായി എയര്‍പോര്‍ട്ടില്‍  ഇതിന് മുന്‍പും എത്തുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഇത്തരം ആറ് യാത്രക്കാരെ   ആരോഗ്യ പ്രവര്‍ത്തകരുടേയും എയര്‍പോര്‍ട്ട് അധികൃതരുടേയും ശക്തമായ ഇടപെടലിലൂടെ യാത്ര തടയുകയും അവരുടെ ജില്ലയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തിട്ടുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം ഇത്തരം പ്രവൃത്തികള്‍ കുറ്റകരമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹയാത്രികരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും എയര്‍പോര്‍ട്ട് ജീവനക്കാരുടെയും ആരോഗ്യം അപകടത്തിലാകുന്ന സാഹര്യങ്ങളാണുള്ളത്.

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാകുമെന്നും കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തികള്‍ യാതൊരു  കാരണവശാലും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പാടില്ലെന്നും പാലിക്കാത്തവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പൊതുജനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും ലാഘവത്വം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അറിയിച്ചു. പനി, ചുമ, ജലദോഷം ത്തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതുജനസമ്പര്‍ക്കം ഒഴിവാക്കുകയും പൊതുഗതാഗതം യാതൊരു കാരണവശാലും ഉപയോഗിക്കരുതെന്നും കോവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്താതെ  ജാഗ്രതയോടെ തന്നെ തുടരണമെന്നും ജനങ്ങളോട് ആഹ്വാനം ചെയ്തു.രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ടെസ്റ്റ് ചെയ്യാതെ ലക്ഷണങ്ങള്‍ അവഗണിച്ച് സ്വയം ചികിത്സയ്ക്ക് മുതിരുന്നത് രോഗവ്യാപനം വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. അതിനാല്‍ ലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്യണമെന്നും     അദ്ദേഹം അറിയിച്ചു. അനാവശ്യ യാത്രകളും കൂട്ടം ചേരലുകളും ഒഴിവാക്കി രോഗവ്യാപനം തടയുവാനും ഓരോരുത്തരും ബാധ്യസ്ഥരാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com