മാട്ടുപ്പട്ടിയും ഹണീ ട്രീയും കണ്ട് പോകാം, ഇടയ്ക്ക് ബോട്ടിങ്ങിന് നിർത്തും; 250 രൂപയ്ക്ക് മൂന്നാർ ചുറ്റിക്കാണാം, കെഎസ്ആർടിസി യാത്ര

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2021 09:24 AM  |  

Last Updated: 01st January 2021 09:50 AM  |   A+A-   |  

ksrtc_munnar_trip

കെഎസ്ആർടിസി/ ഫേയ്സ്ബുക്ക്

 

മൂന്നാർ; 250 രൂപ ടിക്കറ്റെടുക്കണം ഒൻപതു മണിക്ക് എടുക്കുന്ന ബസ് നേരെ ടോപ് സ്റ്റേഷനിലേക്ക്. പിന്നീട് കുണ്ടള, എക്കോപോയിന്റ്, മാട്ടുപ്പട്ടി, ഹണീ ട്രീയൊക്കെ കണ്ട് വൈകിട്ട് നാലു മണിയോടെ മടക്കം. വിനോദസഞ്ചാരികൾക്ക് ​ഗംഭീര പുതുവർഷ സമ്മാനവുമായി എത്തുകയാണ് കെഎസ്ആർടിസി. കുറഞ്ഞ ചെലവിൽ സഞ്ചാരികളെ മൂന്നാർ ചുറ്റിക്കാണിക്കുന്ന സർവീസിനാണ് തുടക്കമിടുന്നത്. 

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് നാടുചുറ്റിക്കാണാനുള്ള അവസരമാണ് കെഎസ്ആർടിസി ഒരുക്കുന്നത്. ജനുവരി ഒന്നുമുതലാണ് ഈ സർവീസ്. 50 പേർക്ക് യാത്ര ചെയ്യാവുന്നതാണ് ബസ്. രാവിലെ ഒൻപതിന് കെഎസ്ആർടിസി ഡിപ്പോയിൽനിന്നാരംഭിക്കുന്ന സർവീസ് നേരേ ടോപ് സ്റ്റേഷനിലെത്തും. അവിടെ ഒരുമണിക്കൂർ തങ്ങാം. തുടർന്ന്, ബസ്, കുണ്ടള, എക്കോപോയിന്റ്, മാട്ടുപ്പട്ടി, ഹണീ ട്രീ എന്നിവിടങ്ങളിലും ബോട്ടിങ്‌ നടത്തുന്നതിനും നിർത്തിയിടും. നാലുമണിയോടെ തിരിച്ച് ഡിപ്പോയിൽ.

ഒരാൾക്ക് 250 രൂപയാണ് ചാർജ്. വിനോദസഞ്ചാരികൾ രാവിലെ ഡിപ്പോയിലെത്തി ടിക്കറ്റെടുക്കണം. രാജമല, മറയൂർ, കാന്തല്ലൂർ ഭാഗത്തേക്ക് മറ്റൊരു ബസ് സർവീസും ഉടൻ ആരംഭിക്കും. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സ്ലീപ്പർ കോച്ചിൽ നൂറുരൂപ മുടക്കി താമസിക്കുന്നതിനുള്ള പദ്ധതി വിജയമായതിനെത്തുടർന്നാണ് കെഎസ്ആർടിസി പുതിയ പദ്ധതി നടപ്പാക്കുന്നത്.