പിഞ്ചു മകനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചു; വിദേശത്തു നിന്നെത്തിയ പിതാവിന്റെ പരാതി ; 35 കാരി അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 10:05 AM |
Last Updated: 05th January 2021 10:13 AM | A+A A- |
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. വക്കം സ്വദേശിനിയായ 35 കാരിയാണ് അറസ്റ്റിലായത്. മൂന്നു കുട്ടികളുടെ മാതാവായ യുവതി ഇളയ കുട്ടിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്.
കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാതാവിനെ ഡിസംബര്‍ 28 ന് കടക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2018 ലാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് കുട്ടികളുടെ മാതാവും പിതാവും വേര്‍പിരിഞ്ഞാണ് കഴിയുന്നത്.
മൂന്നു കുട്ടികള്‍ പിതാവിനൊപ്പവും, ഇളയ കുട്ടി മാതാവിനും ഒപ്പവുമാണ് താമസിച്ചിരുന്നത്. ഇതിനിടെ യുവതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. മതപഠന ക്ലാസ്സിനിടെ, മതാധ്യാപകനോട് കുട്ടി മാതാവ് ഉപദ്രവിച്ച കാര്യം പറയുകയായിരുന്നു.
അധ്യാപകന്‍ ഇക്കാര്യം വിദേശത്ത് ജോലി ചെയ്യുന്ന കുട്ടിയുടെ പിതാവിനെ അറിയിച്ചു. ഇയാള്‍ നാട്ടിലെത്തി പൊലീസില്‍ പരാതി നല്‍കി. പരാതി ലഭിച്ച പൊലീസ്, പിതാവിനോട് ശിശുക്ഷേമസമിതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് കുട്ടിയെ മൂന്നു ദിവസം കൗണ്‍സിലിങ്ങിന് വിധേയനാക്കുകയും ചെയ്തു.
ശിശുക്ഷേമസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇതിനിടെ കുട്ടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അത്യപൂര്‍വമായ പരാതി ആയതിനാല്‍, വളരെ വിശദമായ അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും ശേഷമാണ് നടപടിക്ക് തയ്യാറായതെന്ന് പൊലീസ് പറഞ്ഞു.
യുവതിക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനക്കുറ്റം ( പോക്‌സോ വകുപ്പ് ) അടക്കം ചുമത്തിയിട്ടുണ്ട്. യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.