'നിങ്ങള്‍ക്ക് പിണറായി വിജയനെ മനസ്സിലായിട്ടില്ല , സഭ പൂരപ്പാട്ടിനുള്ള വേദിയല്ല'; രോഷാകുലനായി മുഖ്യമന്ത്രി

ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആരുടെയും മുന്നില്‍ തലയുയര്‍ത്തി പറയാം. അതു പറയാനുള്ള കരുത്ത് ഈ നെഞ്ചിനുണ്ട്
പിണറായി വിജയന്‍ നിയമസഭയില്‍ / ഫയല്‍ ചിത്രം
പിണറായി വിജയന്‍ നിയമസഭയില്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം : നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുത്രീ വാല്‍സല്യത്തില്‍ നാടിനെ നശിപ്പിക്കരുതെന്ന കോണ്‍ഗ്രസ് അംഗം പി ടി തോമസിന്റെ പ്രസ്താവനയാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. സഭയില്‍ പി ടി തോമസും മുഖ്യമന്ത്രിയും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദമാണ് നടന്നത്. 

സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് പി ടി തോമസ് അവതരിപ്പിച്ച അടിയന്തര പ്രമേയമാണ് രൂക്ഷമായ ഏറ്റുമുട്ടലിന് വേദിയായത്. സഭ പൂരപ്പാട്ടിനുള്ള സ്ഥലമാണോ എന്ന് പിണറായി വിജയന്‍ ചോദിച്ചു. ചെന്നിത്തലയ്ക്ക് പി ടി തോമസിനെ നിയന്ത്രിക്കാനാവില്ല. കാരണം ഗ്രൂപ്പ് വേറെയാണല്ലോ എന്നും മുഖ്യമന്ത്രി പരിഹസിച്ചു.

പിടി തോമസിന് പിണറായിയെ മനസ്സിലായിട്ടില്ല. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആരുടെയും മുന്നില്‍ തലയുയര്‍ത്തി പറയാം. അതു പറയാനുള്ള കരുത്ത് ഈ നെഞ്ചിനുണ്ട്. തന്റെ കൈകള്‍ ശുദ്ധമെന്നും പിണറായി വിജയന്‍ പറഞ്ഞു. ലാവലിന്‍ കേസില്‍ തന്നെ പ്രതിയാക്കാന്‍ കുറേ നാള്‍ നടന്നു. എന്നിട്ട് എന്തായി എന്നും മുഖ്യമന്ത്രി ചോദിച്ചു. 

തന്റെ മകളുടെ വിവാഹത്തിന് സ്വപ്‌ന വന്നിട്ടില്ല. തന്റെ കുടുംബത്തിലെ ആരെയും ചോദ്യം ചെയ്തിട്ടില്ല. താനൊരു പ്രത്യേക ജനുസ്സാണ്. അത് നിങ്ങള്‍ക്ക് മനസ്സിലാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവശങ്കറിന് ഐഎഎസ് കൊടുത്തത് എകെ ആന്റണി സര്‍ക്കാരാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും സുപ്രധാന പദവികള്‍ ശിവശങ്കര്‍ വഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വര്‍ണക്കടത്തുകേസില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ കുറ്റക്കാരനാക്കുന്നത് വികല മനസ്സിന്റെ വ്യാമോഹം മാത്രമാണ്. രവീന്ദ്രനെതിരെ ഒന്നും കണ്ടെത്തിയിട്ടില്ല. നടക്കുന്നത് വിവര ശേഖരണം മാത്രമാണ്. എന്‍ഐഎ കുറ്റപത്രം പ്രതിപക്ഷം കാണണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ആവശ്യപ്പെട്ടു.

ഗീബല്‍സിന്റെ ശിഷ്യന്മാരെ വിശ്വസിപ്പിക്കാനാവില്ല. ഇക്കാര്യങ്ങളൊന്നും ജനം വിശ്വസിക്കുന്നില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയം ആയതിനാല്‍ കൂടുതല്‍ പറയുന്നില്ല. സ്വര്‍ണക്കടത്തിന്റെ അടിവേര് അറുക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. അന്വേഷണത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ അന്വേഷണ വിധേയമായി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. 

സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ അറസ്റ്റു ചെയ്തതും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്തതും സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം പി ടി തോമസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി രവീന്ദ്രനെ ന്യായീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com