ചാറ്റിങ്ങിലൂടെ വലയിലാക്കും, ന​ഗ്നവീഡിയോ പകർത്തും, ബ്ലാക്ക് മെയിൽ ; മലയാളികളെ ലക്ഷ്യമിട്ട ഹണിട്രാപ്പ് ; രണ്ട് യുവതികൾ അടക്കം പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2021 01:16 PM  |  

Last Updated: 19th January 2021 01:16 PM  |   A+A-   |  

honey_trap

പ്രതീകാത്മക ചിത്രം/ ഫയൽ

 

മംഗളൂരു : മലയാളികളെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടുന്ന സംഘം പിടിയിൽ. അറസ്റ്റിലായ നാലം​ഗ സംഘത്തിൽ രണ്ട് യുവതികളും ഉൾപ്പെടുന്നു. നഗ്‌ന വീഡിയോ കാണിച്ച് ബസ് ജീവനക്കാരനായ മലയാളിയില്‍ നിന്ന് പണം തട്ടിയെടുക്കുകയും, കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് അറസ്റ്റ്. 

സൂറത്കല്‍ കൃഷ്ണാപുര റോഡിലെ ബീഡിത്തൊഴിലാളി രേഷ്മ (നീമ-32), ഇന്‍ഷുറന്‍സ് ഏജന്റ് സീനത്ത് മുബീന്‍ (28), ഡ്രൈവർമാരായ അബ്ദുള്‍ ഖാദര്‍ നജീബ് (34), ഇഖ്ബാല്‍ മുഹമ്മദ് (35) എന്നിവരാണ് അറസ്റ്റിലായത്. യുവതികള്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചു. 

രണ്ടുമാസത്തോളം ഫെയ്സ്ബുക്കില്‍ ചാറ്റ് ചെയ്ത ശേഷം ഇയാളെ മംഗളൂരുവിലേക്ക് ക്ഷണിച്ചു. ജനുവരി 14-ന് മംഗളൂരുവിലെത്തിയ യുവാവിനെ യുവതികള്‍ ഒരു വീട്ടിലെത്തിച്ചു. അബ്ദുള്‍ ഖാദറും ഇഖ്ബാലും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ച് വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു. 

ഈ വീഡിയോ പ്രചരിപ്പിക്കുമെന്നും യുവതികളെ ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. ഭയന്നുപോയ യുവാവ് തന്റെ കൈയിലുണ്ടായിരുന്ന 30,000 രൂപ നല്‍കി. കൂടുതല്‍ പണം ആവശ്യപ്പെട്ട് വീണ്ടും ഭീഷണി തുടര്‍ന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കുന്നത്.