നടന്നത് യുഡിഎഫ് അഴിമതിക്കെതിരായ സമരം ; സുപ്രീംകോടതിയില്‍ കെ എം മാണിയുടെ പേര് പറഞ്ഞിട്ടില്ലെന്ന് എ വിജയരാഘവന്‍

ബാര്‍കോഴ ആരോപണങ്ങളില്‍ കെ എം മാണിക്ക് വ്യക്തിപരമായി ബന്ധമില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയതാണെന്ന്  വിജയരാഘവന്‍
എ വിജയാഘവന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം
എ വിജയാഘവന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം : സുപ്രീംകോടതിയില്‍ കെ എം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് സിപിഎം. മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കി. മാധ്യമങ്ങള്‍ക്ക് പ്രത്യേക രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. 

അന്ന് കേരളത്തിലെ യുഡിഎഫ് അഴിമതിയില്‍ മുങ്ങിനില്‍ക്കുകയായിരുന്നു. ആ അഴിമതിക്കെതിരായ സമരമാണ് ഇടതുപക്ഷം നടത്തിയത്. അത് യുഡിഎഫിനെതിരായ സമരമായി വേണം കാണാന്‍. മാധ്യമങ്ങളില്‍ വാര്‍ത്താ നിര്‍മ്മാണ വിദഗ്ധരുണ്ട്. 

ഇടതുമുന്നണിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു. സത്യവാങ്മൂലത്തില്‍ കെ എം മാണി എന്ന പേര് പറഞ്ഞിട്ടില്ല. കോടതിയില്‍ നടന്ന ആശയവിനിമയം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നും എ വിജയരാഘവന്‍ പറഞ്ഞു. 

കെ എം മാണി ഏറെ പ്രവര്‍ത്തന പാരമ്പര്യമുള്ള, അനുഭവ സമ്പത്തുള്ള രാഷ്ട്രീയ നേതാവാണ്. ബാര്‍കോഴ ആരോപണങ്ങളില്‍ കെ എം മാണിക്ക് വ്യക്തിപരമായി ബന്ധമില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയതാണെന്നും എ വിജയരാഘവന്‍ പറഞ്ഞു. 

സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാടില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സിപിഎമ്മിനെ അതൃപ്തി അറിയിച്ചതായാണ് സൂചന. ജോസ് കെ മാണി ഇക്കാര്യം പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി നേതൃയോഗം ചര്‍ച്ച ചെയ്തശേഷം അഭിപ്രായം പറയാമെന്നും ജോസ് കെ മാണി പറഞ്ഞു. 

സുപ്രീംകോടതിയില്‍ ഇന്നലെ നിയമസഭ കയ്യാങ്കളിക്കേസ് പരിഗണിക്കുമ്പോഴാണ് കേരള സര്‍ക്കാരിന്റെ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍, അഴിമതിക്കാരനായ ധനമന്ത്രിക്കെതിരെയാണ് ഇടതുപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചതെന്ന് പറഞ്ഞത്. നിയമസഭയില്‍ നടന്ന അതിക്രമം അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com