വൈറ്റിലയിലെ ഗതാഗതക്കുരുക്ക് : ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധന ഇന്ന് 

20 വര്‍ഷത്തേക്ക് ഗതാഗതക്കുരുക്കെന്ന പരാതി ഉണ്ടാകാത്ത വിധം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പ്രശ്‌നപരിഹാരം കാണാന്‍ മന്ത്രി നിര്‍ദേശിച്ചിരുന്നു
വൈറ്റിലയിലെ ഗതാഗതക്കുരുക്ക് / ഫയല്‍ ചിത്രം
വൈറ്റിലയിലെ ഗതാഗതക്കുരുക്ക് / ഫയല്‍ ചിത്രം

കൊച്ചി : ഗതാഗതക്കുരുക്ക് അഴിക്കാന്‍ താല്‍ക്കാലിക നടപടികളെക്കുറിച്ച് പഠിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനുമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘം ഇന്ന് വൈറ്റില ജംഗ്ഷനില്‍ സംയുക്ത പരിശോധന നടത്തും. മേയര്‍ എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, എംഎല്‍എമാര്‍, പൊലീസ്, ദേശീയ പാത അതോറിട്ടി പൊതുമരാമത്ത് എന്‍ എച്ച് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് പരിശോധന നടത്തുക. ഇന്ന് വൈകീട്ട് അഞ്ചിനാണ് പരിശോധന. 

ജൂണ്‍ 27 ന് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയായാണ് നടപടി. വൈറ്റില ജംഗ്ഷനിലെ ഗതാഗതക്കുരുക്ക്  പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാനും 20 വര്‍ഷത്തേക്ക് ഗതാഗതക്കുരുക്കെന്ന പരാതി ഉണ്ടാകാത്ത വിധം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പ്രശ്‌നപരിഹാരം കാണാനും മന്ത്രി നിര്‍ദേശിച്ചിരുന്നു. 

ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പരിശോധനയ്ക്ക് ശേഷം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ താല്‍ക്കാലിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മേയര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ പ്രസ്വകാല പദ്ധതിയും തുടര്‍ന്ന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളും നടപ്പാക്കും. 2019 ല്‍ മരാമത്ത് എന്‍എച്ച് വിഭാഗം സമര്‍പ്പിച്ച ജംഗ്ഷന്‍ വികസന റിപ്പോര്‍ട്ടും പരിഗണഇക്കുമെന്ന് മേയര്‍ പറഞ്ഞു. 

ദേശീയപാതയിലെ തിരക്കു കുറയ്ക്കാനേ മേല്‍പ്പാലം വഴി സാധിച്ചിട്ടുള്ളൂ. അതില്‍ കൂടുതല്‍ വാഹനങ്ങള്‍ മറ്റു ജില്ലകളില്‍ നിന്നും നഗരത്തിലേക്ക് പ്രവേശിക്കാനും തിരികെ പോകാനും മേല്‍പ്പാലത്തിന് അടിയിലൂടെ സഞ്ചരിക്കുന്നുണ്ട്. വൈറ്റില-തൃപ്പൂണിത്തുറ റൂട്ടില്‍ അണ്ടര്‍പാസ് നിര്‍മ്മിക്കുകയാണ് ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ വേണ്ടതെനന്നും നിര്‍ദേശമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com