പോരായ്മകള്‍ ഉണ്ടായി, ഗൗരവത്തില്‍ പരിശോധിക്കും; സുധാകരന് എതിരായ അന്വേഷണത്തില്‍ വിജയരാഘവന്‍

സുധാകരന്‍ സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന്  വിജയരാഘവന്‍
എ വിജയരാഘവന്‍/ഫയല്‍ ചിത്രം
എ വിജയരാഘവന്‍/ഫയല്‍ ചിത്രം



തിരുവനന്തപുരം: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വീഴ്ചയെപ്പറ്റിയുള്ള അന്വേഷണം വ്യക്തികേന്ദ്രീകൃതമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചില പരാതികള്‍ കിട്ടിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി അത് പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കമ്മീഷനെ വെച്ച് പരിശോധിക്കും,  വ്യക്തിയില്‍ കേന്ദ്രീകരിച്ച പരിശോധനയല്ല. കാര്യങ്ങളാകെ  പാര്‍ട്ടി രീതിയില്‍ പരിശോധിക്കും. അതിന് ശേഷം നടപടി വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മുന്‍ മന്ത്രി ജി സുധാകരന്‍ സംസ്ഥാന സമിതിയോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ' അദ്ദേഹം എന്താണ് പങ്കെടുക്കാതിരിക്കുന്നത് എന്ന് അറിയില്ല. അതുകൊണ്ട് പറയാന്‍ കഴിയില്ല' എന്ന് വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തെതരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും നല്ല മത്സരം സംഘടിപ്പിച്ചു. ചില പോരായ്മകള്‍ ഉണ്ടായി. അത്തരം കാര്യങ്ങളെ ഗൗരവത്തില്‍ സമീപിക്കും. രണ്ട് ഘടകക്ഷി നേതാക്കള്‍ പരാജയപ്പെട്ടതിനെ പറ്റി പരാതി ഉയര്‍ന്നിട്ടുണ്ട്.  പാലായില്‍ ജോസ് കെ മാണി, കല്‍പ്പറ്റിയില്‍ എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാര്‍ എന്നിവരുടെ പരാജയങ്ങളില്‍ പരിശോധന നടത്തും. ഇവിടങ്ങളില്‍ സംഘടനാപരമായ പരിമിതകളുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. 

അമ്പലപ്പുഴയിലെ വീഴ്ചയില്‍ മാത്രം എന്തുകൊണ്ട് സംസ്ഥാന സമിതി അന്വേഷിക്കുന്നെന്ന ചോദ്യത്തിന് വിജയരാഘവന്റെ മറുപടി ഇങ്ങനെ:' കല്‍പ്പറ്റ, പാല എന്നിവിടങ്ങളിലെ അന്വേഷണം ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടില്ല. പക്ഷേ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടിയെ സമൂഹത്തില്‍ ഇടിച്ചു താഴ്ത്തുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കാതെ സഹായിക്കണം എന്നു പറഞ്ഞാല്‍ നിങ്ങള്‍ ചെയ്യില്ല'.

പാര്‍ട്ടിയുടെ അടിത്തറയും ഗുണപരമായ മികവും മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും. പാര്‍ട്ടി വിദ്യാഭ്യാസ പരിപാടികള്‍ വിപുലപ്പെടുത്തും. രാഷ്ട്രീയ, സംഘനടപരമായ കുറവുകള്‍ പരിഹരിക്കും. സമൂഹത്തിന്റെ യുക്തി, ശാസ്ത്രബോധം വളര്‍ത്തുന്ന പരിപാടികള്‍ മുന്നോട്ടുകൊണ്ടുപോവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com