കേരളത്തിലെ കോവിഡ് വ്യാപനം : കേന്ദ്രസംഘം നാളെ എത്തും ; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം

സംസ്ഥാനത്ത് ഇപ്പോഴും ആറു ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലാണെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആറംഗ കേന്ദ്രസംഘം നാളെ എത്തും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ആര്‍ കെ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തെത്തുക. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആറംഗ സംഘത്തെ അയക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചിരുന്നു.

രാജ്യത്താകെയുള്ള പ്രതിദിന കോവിഡ് കേസുകളില്‍ 40 ശതമാനത്തോളം കേരളത്തിലാണ്. കേരളത്തില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ രോഗനിയന്ത്രണത്തിനുള്ള സംസ്ഥാനത്തിന്റെ നടപടികള്‍ക്കു വിദഗ്ധ സംഘം പിന്തുണ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. 

കേരളത്തില്‍ അടുത്തിടെ ആഘോഷങ്ങള്‍ക്ക് നല്‍കിയ ഇളവാണ് സൂപ്പര്‍ സ്‌പ്രെഡിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. ആളുകള്‍ കൂട്ടം ചേരുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്നും, കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് സംസ്ഥാനസര്‍ക്കാരിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. 

സംസ്ഥാനത്ത് ഇപ്പോഴും ആറു ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളിലാണെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഏറ്റവും കുറവ് ആന്റിബോഡി സാന്നിധ്യം കേരളത്തിലെന്ന് ഐസിഎംആര്‍ സര്‍വേ ഫലം കണ്ടെത്തിയിരുന്നു. കേരളത്തില്‍ ഇത് 44.4 ശതമാനം പേര്‍ക്ക് മാത്രമാണ് ആന്റിബോഡി കണ്ടെത്തിയത്.  79 ശതമാനം പേര്‍ക്ക് ആന്റിബോഡി കണ്ടെത്തിയ മധ്യപ്രദേശാണ് ഒന്നാമത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com