വല്ലവര്‍ക്കുമല്ല, രാജ്യത്തെ പൗന്മാര്‍ക്കാണ് ഇതു വില്‍ക്കുന്നത്; മദ്യശാലകളില്‍ മാന്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി

വല്ലവര്‍ക്കുമല്ല, രാജ്യത്തെ പൗന്മാര്‍ക്കാണ് ഇതു വില്‍ക്കുന്നത്; മദ്യശാലകളില്‍ മാന്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഹൈക്കോടതി
ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നില്‍ മദ്യം വാങ്ങാനെത്തിയവര്‍/ഫയല്‍ ചിത്രം
ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നില്‍ മദ്യം വാങ്ങാനെത്തിയവര്‍/ഫയല്‍ ചിത്രം

കൊച്ചി: മദ്യവില്‍പ്പനയ്ക്ക് മാന്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും ബിവറേജസ് കോര്‍പ്പറേഷനും ഹൈക്കോടതി നിര്‍ദേശം. മദ്യത്തോടുള്ള ഒരാളുടെ താത്പര്യം പൊതുവഴിയില്‍ പ്രദര്‍ശിപ്പിക്കേണ്ടതല്ലെന്ന്, ഔട്ട്‌ലെറ്റുകള്‍ക്കു മുമ്പിലെ നീണ്ട ക്യൂവിനെ വിമര്‍ശിച്ചുകൊണ്ട് കോടതി പറഞ്ഞു.

''നമ്മുടെ രാജ്യത്തെ പൗരന്മാര്‍ക്കാണ് ഇതു വില്‍ക്കുന്നത്, എവിടെയെങ്കിലും നിന്നും വരുന്നവര്‍ക്കല്ല. പൗരന്മാര്‍ക്ക് പൗരന്മാര്‍ എന്ന നിലയിലുള്ള ചില അടിസ്ഥാന അവകാശങ്ങളുണ്ട്''- ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. 

മദ്യത്തോടുള്ള ഒരാളുടെ താത്പര്യം പൊതുവഴിയില്‍ പ്രദര്‍ശിപ്പിക്കേണ്ടി വരരുത്. മദ്യ വില്‍പ്പനയ്ക്ക് പുതിയൊരു സംസ്‌കാരം ഉണ്ടാവണം. ഇപ്പോള്‍ തങ്ങളുടെ പ്രദേശത്ത് മദ്യവില്‍പ്പന വരുന്നതിനെ ആളുകള്‍ ഭയ്ക്കുകയാണ്. ഒട്ടേറെ പരാതികളാണ് കോടതിക്ക് ഇതുമായി ബന്ധപ്പെട്ടു ലഭിച്ചത്. ചില ഫോട്ടോഗ്രാഫുകളെല്ലാം ഞെട്ടിക്കുന്നതാണ്. സ്ത്രീകളും കുട്ടികളും മദ്യശാലയ്ക്കു സമീപത്തുകൂടി പോവാന്‍ ഭയപ്പെടുന്നു. പുരുഷന്മാര്‍ തന്നെ അതിനു മടിക്കുന്നുണ്ട്- കോടതി പറഞ്ഞു.

എന്തു തരത്തിലുള്ള സൂചനയാണ് ഇതിലൂടെ സമൂഹത്തിനു നല്‍കുന്നത്? കുറെക്കൂടി സംസ്‌കാരമുള്ള രീതിയില്‍ മദ്യശാലകള്‍ നടത്തൂ. സംസ്‌കാരമുള്ള രീതിയിലാണ് അവ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്തൂ. മറ്റേതൊരു കച്ചവടത്തേയും പോലെ ആയാല്‍ മദ്യശാലകളെ ജനങ്ങള്‍ എതിര്‍ക്കില്ല. വ്യാജ ഉത്പന്നങ്ങള്‍ വില്‍ക്കും പോലെയല്ല മദ്യം വില്‍ക്കേണ്ടതെന്ന് കോടതി പറഞ്ഞു.

നിലവില്‍ മദ്യശാലയിലെ ക്യൂ കാരണം ആ പ്രദേശത്തെ ആളുകള്‍ക്കു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ട്. ഇതു മാറണമെന്ന് കോടതി നിര്‍ദേശിച്ചു. 

മദ്യശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കോടതി തൃപ്തി രേഖപ്പെടുത്തി. എങ്കിലും ഇനിയും മാറ്റം ഉണ്ടാവേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതും ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുന്നതുമായ 96 ഔട്ട്‌ലെറ്റുകള്‍ ഉണ്ടെന്ന് ബെവ്‌കോയുടെ തന്നെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com