ഇന്നലെവരെ സഭയില്‍ ഇരുന്നതിന് 500രൂപവീതം പിഴ ചുമത്തണം; എ രാജയുടെ വോട്ട് റദ്ദാക്കണമെന്ന് പ്രതിപക്ഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd June 2021 02:26 PM  |  

Last Updated: 02nd June 2021 02:26 PM  |   A+A-   |  

a raja

എ രാജയുടെ ആദ്യത്തെ സത്യപ്രതിജ്ഞ/ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: സ്പീക്കര്‍ തെരഞ്ഞെടുപ്പിലെ ദേവികുളം എംഎല്‍എ എ രാജയുടെ വോട്ട് റദ്ദാക്കണമെന്ന് പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടു. ആദ്യ സത്യപ്രതിജ്ഞ ക്രമപ്രകാരം അല്ലാത്തതിനെ തുടര്‍ന്ന് രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചത്. 

ആദ്യ സത്യപ്രതിജ്ഞ നിയമപ്രകാരമല്ല എന്നു കണ്ട സാഹചര്യത്തില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് ചട്ടവിരുദ്ധമാണെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. സാമാജികന്‍ അല്ലാതെ സഭയില്‍ ഇന്നലെ വരെ ഇരുന്നതിന് ദിവസം 500 രൂപവെച്ച് പിഴ ഈടാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

നിയമവിദഗ്ദ്ധരുമായി ഇക്കാര്യത്തില്‍ ആലോചന നടത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ എം ബി രാജേഷ് വ്യക്തമാക്കി. ഇന്ന് രാവിലെ സ്പീക്കറുടെ ചേംബറിലെത്തിയാണ് ദേവികുളം എംഎല്‍എ എ രാജ സത്യപ്രതിജ്ഞ ചെയ്തത്. തമിഴില്‍ തന്നെയാണ് ഇത്തവണയും രാജ സത്യവാചകം ചൊല്ലിയത്. 

ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജിമ ചെയ്തപ്പോഴുണ്ടായ പിഴവുമൂലമായിരുന്നു ഇത്. ഇതേ തുടര്‍ന്നാണ് രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.