'രാജ്യദ്രോഹക്കേസിലെ പ്രതിക്ക് ഒളിത്താവളം ഒരുക്കാമെന്ന് വാക്കുകൊടുത്തു'; മന്ത്രി ശിവന്‍കുട്ടിയെ പുറത്താക്കണമെന്ന് ബിജെപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2021 05:33 PM  |  

Last Updated: 13th June 2021 05:33 PM  |   A+A-   |  

v_sivankutty

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി/ഫയല്‍ ചിത്രം


തിരുവനന്തപുരം: രാജ്യദ്രോഹ കേസിലെ പ്രതിക്ക് കേരളത്തില്‍ ഒളിത്താവളമൊരുക്കാമെന്ന് വാക്കുകൊടുത്ത മന്ത്രി വി ശിവന്‍കുട്ടിയെ പുറത്താക്കണമെന്ന് ബിജെപി. മുഖ്യമന്ത്രിയെയും തന്നെയും വന്ന് കണ്ടാല്‍ ലക്ഷദീപ് പൊലീസില്‍ നിന്ന് രക്ഷിക്കാമെന്ന് ഐഷാ സുല്‍ത്താനയോട് ഫോണില്‍ പറഞ്ഞ മന്ത്രിയുടെ നിലപാടാണോ മുഖ്യമന്ത്രിക്കുമെന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് ആവശ്യപ്പെട്ടു. 

ഇന്ത്യന്‍ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വാസവും കൂറും പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി അത് ലംഘിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുറത്താക്കുകയാണ് വേണ്ടത്. കേരള പൊലീസ് അന്വേഷിക്കുന്ന പ്രതികളെ മറ്റേതെങ്കിലും സംസ്ഥാനത്തെ മുഖ്യമന്ത്രിമാര്‍ സംരക്ഷിച്ചാലുണ്ടാക്കുന്നതു പോലുള്ള ഗുരുതരമായ ഭരണഘടനാ ലംഘനമാണ് മന്ത്രി ശിവന്‍ കുട്ടി ചെയ്തിരിക്കുന്നതെന്നും സുരേഷ് ആരോപിച്ചു. 

ലോകത്തിലെ ഏറ്റവും വലിയ ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യ, സ്വന്തം പൗരന്‍മാര്‍ക്ക് നേരെ ജൈവായുധം പ്രയോഗിച്ചു എന്ന് പറഞ്ഞതിനാണ് ഐഷക്കെതിരെ കേസെന്നും സുരേഷ് പറഞ്ഞു. സാമുദായിക സൗഹാര്‍ദം തകര്‍ക്കാനും രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുമുള്ള ഈ പ്രവൃത്തി ജീവപര്യന്തം ശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ്. ഇതിനെ സംബന്ധിച്ച് മുഖ്യമന്ത്രി പുലര്‍ത്തുന്ന മൗനം രാജ്യദ്രോഹികളെ സംരക്ഷിക്കാനെ സഹായിക്കൂ. എസ്ഡിപിഐ പോലുള്ളവരുടെ ഔദാര്യത്തില്‍ എംഎല്‍എ ആയ ശിവന്‍കുട്ടി മത തീവ്രവാദികളുടെ അടിമയായി നേമം ജനതയെ വീണ്ടും അപമാനിക്കുകയാണന്ന് സുരേഷ് പറഞ്ഞു.

കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മന്ത്രി ശിവന്‍കുട്ടി രംഗത്തുവന്നിരുന്നു. ലക്ഷദീപ് ഭരണകൂടത്തിന്റെ ഏകാധിപത്യ -ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ജനകീയ മുഖമായ ഐഷ സുല്‍ത്താനക്കെതിരായ കേസ് പിന്‍വലിക്കണം എന്ന് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു. 

ഐഷ സുല്‍ത്താനയുമായി  ടെലിഫോണിലൂടെ സംസാരിച്ചു. ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ ഐഷക്കെതിരെ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഈ പോരാട്ടത്തില്‍ ഐഷ തനിച്ചല്ല, രാജ്യത്തെ ജനാധിപത്യ സമൂഹമാകെ ഐഷയുടെ ഒപ്പമുണ്ടാകും. ധൈര്യമായി മുന്നോട്ടു പോകാന്‍ എല്ലാവിധ പിന്തുണയും ഐഷയ്ക്ക് വാഗ്ദാനം ചെയ്തു.ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. കേരളം ലക്ഷദ്വീപ് ജനതയ്ക്ക് ഒപ്പമാണ്. ലോകത്ത് ഒരിടത്തും ഒരു രാജ്യത്തും നടക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ യോജിച്ച പോരാട്ടം ഉണ്ടാകുമെന്ന് ഉറപ്പാണ്.- അദ്ദേഹം കുറിച്ചു.