ഇ ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടില്ല ; മലക്കം മറിഞ്ഞ് കെ സുരേന്ദ്രന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th March 2021 09:50 AM |
Last Updated: 05th March 2021 09:50 AM | A+A A- |
കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു / ഫെയ്‌സ്ബുക്ക്
കൊല്ലം : ഇ ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. ഇ ശ്രീധരനെപ്പോലെ ഒരാള്‍ മുന്നില്‍ നിന്ന് നയിക്കണമെന്ന് പൊതുസമൂഹം ആഗ്രഹിക്കുന്നു. ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും അങ്ങനെ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ചാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്.
മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസിനും സിപിഎമ്മിനും വെപ്രാളമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കേരളം ഇ ശ്രീധരനെപ്പോലെ ഒരാളെ ആഗ്രഹിക്കുന്നു. അത് യാഥാര്‍ത്ഥ്യമാകുക തന്നെ ചെയ്യും. കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാകും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വിജയയാത്രക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജെപി അധ്യക്ഷന്‍.
ഇഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അന്വേഷണം വരുതിയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തസ്സ് മറക്കുകയാണ്. ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ഉദ്യോഗസ്ഥര്‍ പാര്‍ട്ടിക്കാരല്ലെന്ന് പിണറായി മനസ്സിലാക്കണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. തെറ്റ് ചെയ്‌തെന്ന മനസ്സാക്ഷിക്കുത്താണ് ബഹളം വെക്കാന്‍ കാരണം.
മുഖ്യമന്ത്രി അന്വേഷണത്തെ ഭയപ്പെടുന്നു. നിയമവാഴ്ചയെ അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വാദം പൊളിയുമ്പോഴാണ് ബഹളം വെക്കുന്നത്. ഉദ്യോഗസ്ഥയെ ചോദ്യം ചെയ്തിട്ട് മാസങ്ങളായി. ഭീഷണിപ്പെടുത്തിയെന്ന് അന്ന് പറഞ്ഞിട്ടില്ല. ബംഗാളിലും ത്രിപുരയിലും ചെലവായ പരിപ്പ് കേരളത്തിലും ചെലവാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.