കോന്നിയില്‍ സുരേന്ദ്രന്‍, കഴക്കൂട്ടത്ത് മുരളീധരന്‍, പാലക്കാട്ട് ശ്രീധരന്‍; ബിജെപി സാധ്യത പട്ടിക ഇങ്ങനെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th March 2021 08:47 PM |
Last Updated: 06th March 2021 08:47 PM | A+A A- |

സുരേന്ദ്രന്‍, മുരളീധരന്‍, ശ്രീധരന്‍
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടികയായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടി കോര്‍ കമ്മിറ്റി ആവശ്യപ്പെട്ടത്. കോന്നി മണ്ഡലത്തില്‍ സാധ്യത പട്ടികയില്‍ ഒന്നാം പേരുകാരനാണ് സുരേന്ദ്രന്‍. ദേശീയ നേതൃത്വം അംഗീകരിച്ചാല്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ കഴക്കൂട്ടത്ത് നിന്ന് ജനവിധി തേടും. കഴക്കൂട്ടത്ത് കെ സുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. മഞ്ചേശ്വരമാണ് കെ സുരേന്ദ്രനെ പരിഗണിക്കുന്ന മറ്റൊരു മണ്ഡലം.
നേമത്ത് മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരന്റെ പേരിനാണ് മുന്‍തൂക്കം. സാധ്യത പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കുമ്മനമാണ്. വട്ടിയൂര്‍ക്കാവില്‍ ജില്ലാ പ്രസിഡന്റായ വി വി രാജേഷിനെയാണ് മുഖ്യമായി പരിഗണിക്കുന്നത്. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മെട്രോമാന്‍ ഇ ശ്രീധരനെ പാലക്കാടാണ് പരിഗണിക്കുന്നത്. ഈ മണ്ഡലത്തില്‍ സാധ്യത പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ശ്രീധരന്‍. തൃപ്പൂണിത്തുറയിലും ശ്രീധരനെ പരിഗണിക്കുന്നുണ്ട്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച രീതിയില്‍ വോട്ടുപിടിച്ച സുരേഷ് ഗോപിയെ തൃശൂരും തിരുവനന്തപുരത്തും വട്ടിയൂര്‍ക്കാവിലും പരിഗണിക്കുന്നുണ്ട്. മുന്‍ സംസ്ഥാന അധ്യക്ഷനായ പി കെ കൃഷ്ണദാസിനെ കാട്ടാക്കടയില്‍ നിന്ന് മത്സരിപ്പിക്കാനാണ് ആലോചന. മുന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായ എസ് സുരേഷിന് കോവളത്താണ് പ്രഥമ പരിഗണന. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ശോഭാ സുരേന്ദ്രനും മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.