എതിര്‍പ്പുകള്‍ക്ക് വഴങ്ങുമോ ?; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ; സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമാകും 

പല പേരുകളിലും  എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ തര്‍ക്ക മണ്ഡലങ്ങളില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ തീരുമാനം പ്രഖ്യാപിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും. സംസ്ഥാന സമിതി ആദ്യഘട്ടത്തില്‍ അംഗീകരിച്ച പട്ടികയ്ക്ക് മേലുള്ള ജില്ലാ കമ്മിറ്റികളുടെ ശുപാര്‍ശകളും സെക്രട്ടേറിയേറ്റ് പരിശോധിക്കും. പല പേരുകളിലും ജില്ലാ സെക്രട്ടറിയേറ്റുകളുടെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ തര്‍ക്ക മണ്ഡലങ്ങളില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ തീരുമാനം പ്രഖ്യാപിക്കും. 

തരൂരില്‍ ഡോ. പി കെ ജമീലയുടെ പേരിനോട് കടുത്ത എതിര്‍പ്പാണ് ഉയരുന്നത്. ജമീലയുടെ സ്താനാര്‍ത്ഥിത്വത്തിനെതിരെ പാലക്കാട് പോസ്റ്റര്‍ പ്രതിഷേധങ്ങളും ഉയര്‍ന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തരൂരില്‍ ജമീലയുടെ പേര് വെട്ടി ഡിവൈഎഫ്‌ഐ നേതാവ് പിപി സുമോദിന്റെ പേരാണ് നിര്‍ദേശിച്ചത്. കോങ്ങാട് മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ അഡ്വ. ശാന്തകുമാരിയുടെ പേരും ജില്ലാ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. 

അരുവിക്കര, പൊന്നാനി, ഒറ്റപ്പാലം, കൊയിലാണ്ടി തുടങ്ങിയവയാണ് തര്‍ക്കം നിലനില്‍ക്കുന്ന മറ്റ് പ്രധാന സീറ്റുകള്‍. ഇന്ന് തന്നെ അന്തിമ പട്ടികക്ക് രൂപം നല്‍കി ബുധനാഴ്ചയോടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് സി പി എം നീക്കം. റാന്നി, ചാലക്കുടി അടക്കം ഉറച്ച സീറ്റുകള്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭഗത്തിന് നല്‍കുന്നതിലും എതിര്‍പ്പ് നിലനില്‍ക്കുകയാണ്. തുടര്‍ച്ചയായി രണ്ട് ടേം വ്യവസ്ഥയില്‍ ഇളവുണ്ടാകില്ലെന്ന് ജില്ലാ യോഗങ്ങളില്‍ സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com