തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മുതലക്കണ്ണീർ ; ശബരിമലയിൽ വിശ്വാസവേട്ട നടത്തിയത് കടകംപള്ളിയുടെ നേതൃത്വത്തിലെന്ന് കെ സുരേന്ദ്രൻ

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം ഒരു നിമിഷം കൊണ്ട് തിരുത്താവുന്നതാണ്
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റേത് മുതലക്കണ്ണീരെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണിത്. ദേവസ്വം മന്ത്രിയായിരുന്നപ്പോൾ കടകംപള്ളി ശബരിമലയെ തകർക്കാൻ ശ്രമിച്ചു. കടകംപള്ളിയുടെ നേതൃത്വത്തിലാണ് വിശ്വാസ വേട്ട നടന്നത്. 

മനീതി സംഘത്തെയും രഹ്ന ഫാത്തിമയെയും ശബരിമല കയറ്റാൻ നേതൃത്വം നൽകിയ ആളാണ് കടകംപള്ളി സുരേന്ദ്രൻ. അവിശ്വാസികളെ മല കയറ്റിയതിന്റെ പ്രാഥമിക ഉത്തരവാദിത്തം കടകംപള്ളിക്കാണ്. തെരഞ്ഞെടുപ്പ് കാലമായപ്പോൾ വിശ്വാസികൾ കഴക്കൂട്ടത്ത് പാഠംപഠിപ്പിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന് മനസ്സിലായി. അത് മുൻകൂട്ടി കണ്ടുകൊണ്ടുള്ള കള്ളക്കരച്ചിലാണിത്. 

കടകംപള്ളിയുടെ മുതലക്കണ്ണീരിന് യാതൊരു വിലയും കേരള സമൂഹം കൽപ്പിക്കാൻ പോകുന്നില്ല. ശബരിമലയോട് കാണിച്ച അനീതിക്കും ക്രൂരയ്ക്കും ആയിരം വട്ടം കണ്ണീരൊഴുക്കിയാലും കടകംപള്ളി സുരേന്ദ്രന് മാപ്പുലഭിക്കാൻ പോകുന്നില്ല. കടകംപള്ളിയുടെ നിലപാട് മാറ്റം പരിഹാസ്യമാണ്. 

ആയിരം തെരഞ്ഞെടുപ്പിൽ തോറ്റാലും നിലപാട് മാറ്റില്ലെന്ന് പറഞ്ഞ കടകംപള്ളി സുരേന്ദ്രൻ ഇപ്പോൾ നെഞ്ചത്തടിച്ച് നിലവിളിക്കുന്നത് തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം കൊണ്ടാണ്. മനീതി സംഘത്തെയും രഹ്ന ഫാത്തിമയെയും പതിനെട്ടാംപടി കയറ്റാൻ ശ്രമിച്ചതിന് കടകംപള്ളി പരസ്യമായി മാപ്പുപറയണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. 

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം ഒരു നിമിഷം കൊണ്ട് തിരുത്താവുന്നതാണ്. എന്നാൽ സത്യവാങ് മൂലം തിരുത്താൻ ഇപ്പോഴും സ‍ര്‍ക്കാര്‍ തയ്യാറല്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോളുള്ള കടകംപള്ളിയുടെ കള്ളക്കരച്ചിൽ കേരളജനത അം​ഗീകരിക്കില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.  

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം നടത്തിയതിനോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. 2018 ലെ സംഭവങ്ങളിൽ വിഷമമുണ്ട്. ഖേദമുണ്ട്. അതുണ്ടാകാൻ പാടില്ലായിരുന്നുവെന്ന് കരുതുന്നു. ഇപ്പോൾ അത് അടഞ്ഞ അധ്യായമാണ്. അതിനാൽ വിവാദങ്ങൾക്കില്ലെന്നുമാണ് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com