സുരേഷ് ഗോപി തിരുവനന്തപുരത്ത് ?; ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം ; കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഡല്‍ഹിയില്‍

വി മുരളീധരൻ മത്സരിക്കുന്നതു ദേശീയ നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാവും.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം. സ്ഥാനാര്‍ത്ഥിപ്പട്ടിക ചര്‍ച്ച ചെയ്യാനായി ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡ, രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി തുടങ്ങിയവരും കേരളത്തില്‍ നിന്നുള്ള നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. ഇന്നു വൈകീട്ടോ നാളെയോ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കും.

സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മുൻ പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർ ഇന്നലെ സാധ്യതാ പട്ടിക കേരളത്തിന്റെ തെരഞ്ഞെടുപ്പു ചുമതലയുളള കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവരുമായി ചർച്ച ചെയ്തു. വി മുരളീധരൻ മത്സരിക്കുന്നതു ദേശീയ നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാവും.

കെ സുരേന്ദ്രൻ കോന്നിയിൽ മൽസരിക്കുമെന്നാണ് സൂചന. വി മുരളീധരൻ മൽസരിച്ചില്ലെങ്കിൽ കഴക്കൂട്ടത്തേക്കും സുരേന്ദ്രനെ പരി​ഗണിക്കുന്നുണ്ട്.   കുമ്മനം രാജശേഖരൻ നേമത്ത് മൽസരിക്കും. ഹരിപ്പാട് ബി ഗോപാലകൃഷ്ണനും പുതുപ്പള്ളിയിൽ എൻ ഹരിയും പട്ടികയിലുണ്ട്. ധർമടത്ത് സി.കെ. പത്മനാഭൻ മത്സരിച്ചേക്കും. കെ. രഞ്ജിത്തിന്റെ പേരും സാധ്യതാ പട്ടികയിലുണ്ട്.

ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിൽ മത്സരിക്കും. എം.ടി. രമേശിന്റെ പേര് കോഴിക്കോട് നോർത്തിലും പി കെ കൃഷ്ണദാസിന്റേതു കാട്ടാക്കടയിലും നിർദേശിക്കപ്പെട്ടിട്ടുണ്ട്. സുരേഷ് ഗോപിയുടെ പേര് തൃശൂർ, നേമം, തിരുവനന്തപുരം സെൻട്രൽ അടക്കമുള്ള മണ്ഡലങ്ങളിലുണ്ടെങ്കിലും അദ്ദേഹം തിരുവനന്തപുരത്തു മത്സരിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com