ഉമ്മൻചാണ്ടി നേമത്ത് വരാത്തത് ശിവൻകുട്ടിയെ പേടിച്ച് : കോടിയേരി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th March 2021 09:00 AM |
Last Updated: 13th March 2021 09:00 AM | A+A A- |
നേമത്ത് കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിക്കുന്നു / ഫെയ്‌സ്ബുക്ക്
തിരുവനന്തപുരം: ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി ആയതിനാലാണ് നേമത്ത് മത്സരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാഡിനെ അറിയിച്ചതെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ ചാണ്ടിയല്ല, ആരു വന്നാലും നേമത്ത് എല്‍ഡിഎഫ് ജയിക്കും. ഉമ്മൻ ചാണ്ടിക്ക് നേമത്തെ കുറിച്ച് നന്നായി അറിയാമെന്ന് കോടിയേരി പറഞ്ഞു.
നേമത്തേയ്ക്ക് രമേശ് ചെന്നിത്തലയും ഇല്ലെന്ന് വ്യക്തമാക്കി. കെ മുരളീധരനോട് ചോദിച്ചു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുകയാണെങ്കിൽ മൽസരിക്കാമെന്നാണ് മുരളീധരൻ പറഞ്ഞത്. അതിനർത്ഥം നേമത്ത് ഇടതുപക്ഷം ജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ. ഉമ്മൻചാണ്ടിയേക്കാൾ വലിയ നേതാവ് കരുണാകരനെ തിരുവനന്തപുരം ലോകസഭയിൽ കെ വി സുരേന്ദ്രനാഥ് പരാജയപ്പെടുത്തിയ ചരിത്രം ഉമ്മൻചാണ്ടിക്ക് അറിയാം.
നേമത്ത് കുമ്മനം മൽസരിക്കുമെന്ന് കേൾക്കുന്നു. കുമ്മനമല്ല, സാക്ഷാൽ അമിത് ഷ് മൽസരിച്ചാലും എൽഡിഎഫ് വിജയിക്കുമെന്ന് കോടിയേരി പറഞ്ഞു. പ്രതിപക്ഷമായ കോൺഗ്രസിന് ആർഎസ്എസിനെ കാണുമ്പോൾ മുട്ടുവിറയ്ക്കുന്നു. ആർഎസ്എസിന്റെ കാക്കി ട്രൗസറും ദണ്ഡും കാണുമ്പോൾ പേടിക്കുന്ന കോൺഗ്രസ്, എങ്ങനെ ബിജെപിയെ നേരിടുമെന്ന് കോടിയേരി ചോദിച്ചു. ബിജെപിയുടെ നേതാവ് പറഞ്ഞു കേരളം ബിജെപിയുടെ ഗുജറാത്താണെന്ന്. കേരളം ഗുജറാത്താക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ആ വെല്ലുവിളിയെ നേമത്തെ വോട്ടർമാർ നേരിടണം.
ബിജെപിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരിടുന്നത് കടലില്‍ ചാടിയാണോയെന്ന് കോടിയേരി ചോദിച്ചു. കടലിൽ ബിജെപി ഉണ്ടോ. മീൻ അല്ലേ ഉള്ളത്. ബിജെപിക്കാർ കരയിലാണ് ഉള്ളത്. കരയിൽ ബിജെപിക്ക് എതിരെ യുദ്ധം ചെയ്യേണ്ട രാഹുൽഗാന്ധി കടയിൽ ചാടിയിട്ട് എന്ത് രാഷ്ട്രീയദൗത്യമാണ് നിർവഹിക്കുന്നത്. ഇത്തരം കോപ്രായങ്ങളിലൂടെയാണൊ രാഹുല്‍ ബിജെപിയെ നേരിടാനൊരുങ്ങുന്നതെന്നും കോടിയേരി ചോദിച്ചു.