മെമു സർവീസുകൾ ഓടിത്തുടങ്ങി; ജനറൽ, സീസൺ ടിക്കറ്റുകൾ സ്റ്റേഷനിൽ നിന്ന്; റീവലിഡേഷൻ സൗകര്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th March 2021 09:46 AM |
Last Updated: 15th March 2021 09:46 AM | A+A A- |
ഫയല്‍ ചിത്രം
കൊച്ചി: ഇന്ന് മുതൽ മെമു സർവീസുകൾ പുനരാരംഭിക്കുമ്പോൾ അവ കടന്നു പോകുന്ന സ്റ്റേഷനുകളിൽ നിന്ന് ജനറൽ ടിക്കറ്റും സീസൺ ടിക്കറ്റും ലഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഇതിനായി ഇന്ന് മുതൽ സ്റ്റേഷനുകളിൽ കൗണ്ടറുകൾ തുറന്നു പ്രവർത്തിക്കും.
17 മുതൽ അൺറിസർവ്ഡ് കോച്ചുകളുമായി സർവീസ് നടത്തുന്ന ഗുരുവായൂർ- പുനലൂർ- ഗുരുവായൂർ (06327/ 06328) എക്സ്പ്രസ് നിർത്തുന്ന എല്ലാ സ്റ്റേഷനുകളിലും അന്ന് മുതൽ ജനറൽ ടിക്കറ്റും സീസൺ ടിക്കറ്റും ലഭിക്കും. യുടിഎസ് ഓൺ മൊബൈൽ സേവനം പുനഃസസ്ഥാപിച്ചിട്ടില്ല. നിലവിൽ സർവീസ് നടത്തുന്ന മറ്റെല്ലാ ട്രെയിനുകളിലും യാത്ര ചെയ്യാൻ മുൻകൂട്ടി റിസർവ് ചെയ്യണമെന്ന നിബന്ധന തുടരും.
സീസൺ ടിക്കറ്റ് യാത്രക്കാരുടെ സൗകര്യാർഥം ദക്ഷിണ റെയിൽവേ റീവലിഡേഷൻ സൗകര്യം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 24ന് ശേഷം വാലിഡിറ്റി ഉണ്ടായിരുന്ന സീസൺ ടിക്കറ്റുകൾക്കാണ് ഈ സൗകര്യം. ലോക്ക്ഡൗൺ മൂലം ട്രെയിൻ സർവീസുകൾ നിർത്തിവച്ച ദിവസത്തിന് ശേഷം സീസൺ ടിക്കറ്റിൽ എത്ര ദിവസം വാലിഡിറ്റി ബാക്കി ഉണ്ടായിരുന്നോ, മാർച്ച് 15 അടിസ്ഥാനമാക്കി അത്രയും ദിവസം പുതിയ സീസൺ വാലിഡിറ്റിയായി അനുവദിക്കും.
കൊല്ലം- ആലപ്പുഴ, ആലപ്പുഴ- എറണാകുളം, എറണാകുളം- ഷൊർണൂർ മെമു സർവീസുകളാണ് ഇന്ന് പുനരാരംഭിച്ചിരിക്കുന്നത്. അഞ്ച് സർവീസുകൾ നാളെയും മറ്റന്നാളുമായി പുനരാരംഭിക്കും.