ഏത് നിമിഷവും കോണ്‍ഗ്രസിനെ കോരിയെടുക്കാമെന്നാണ് ബിജെപി കരുതുന്നത് : പിണറായി വിജയന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2021 05:00 PM  |  

Last Updated: 17th March 2021 05:00 PM  |   A+A-   |  

pinarayi vijayanc

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നു/ ഫയല്‍

 

മാനന്തവാടി: കോണ്‍ഗ്രസ് വെറും വില്‍പ്പനച്ചരക്കായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിക്കുക പിന്നെ ബിജെപിയില്‍ പോവുക എന്നതാണ് കോണ്‍ഗ്രസുകാരുടെ നയം. പോണ്ടിച്ചേരിയും ത്രിപുരയുമെല്ലാം ഇതിന് ഉദാഹരണമാണെന്നും പിണരായി പറഞ്ഞു.  മാനന്തവാടിയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

35 പേരെ ജയിപ്പിച്ചാല്‍ കേരളം ഭരിക്കുമെന്ന് ബിജെപി പറയുന്നത്  ബാക്കിയുള്ളത് കോണ്‍ഗ്രസില്‍ നിന്നെടുക്കാം എന്നതുകൊണ്ടാണ്. ഏത് നിമിഷവും കോണ്‍ഗ്രസിനെ കോരിയെടുക്കാമെന്നാണ് ബിജെപി കരുതുന്നത്. കോണ്‍ഗ്രസായി ജയിച്ചാല്‍ ബി ജെ പി യിലേക്ക് പോകാം എന്ന അവസ്ഥ കേരളത്തില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. 

നിലവിലെ പല ബി ജെ പി നേതാക്കളും തലമുതിര്‍ന്ന കോണ്‍ഗ്രസുകാര്‍ ആയിരുന്നു. അനുഭവത്തില്‍ നിന്നും കോണ്‍ഗ്രസ് പാഠം ഉള്‍ക്കൊള്ളുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്നത് അന്തര്‍ദ്ദേശീയ തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്. ഏറ്റവും മികവുറ്റ ഭരണം കേരളത്തിലാണെന്ന് ദേശീയതലത്തില്‍ സാക്ഷ്യപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. ഈ യശസ്സ് നമ്മള്‍ ആര്‍ജ്ജിച്ചെടുത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.