ഹെലികോപ്ടറിൽ പറന്നിറങ്ങി ; തൃശൂരിൽ നാമനിർദേശ പത്രിക നൽകി സുരേഷ് ​ഗോപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th March 2021 04:58 PM  |  

Last Updated: 18th March 2021 05:04 PM  |   A+A-   |  

suresh gopi

നാമനിര്‍ദേശ പത്രിക നല്‍കാനായി സുരേഷ് ഗോപി ഹെലികോപ്ടറിലെത്തുന്നു / ഫെയ്‌സ്ബുക്ക്‌

 

തൃശ്ശൂർ: തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി നാമനിർദേശ പത്രിക സമർപ്പിച്ചു. നാമനിർദേശ പത്രിക നൽകുന്നതിനായി ഹെലികോപ്ടറിലാണ് സുരേഷ് ​ഗോപി എത്തിയത്.  പുഴയ്ക്കലിൽ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ സ്ഥാനാർത്ഥി  കളക്ടറേറ്റിലെത്തി.

നാമനിർദേശ പത്രിക സമർപ്പണവേളയിൽ ബിജെപി തൃശൂർ ജില്ലാ അധ്യക്ഷൻ അഡ്വക്കേറ്റ് കെ കെ അനീഷ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഹരി, തൃശ്ശൂർ മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോൻ, സിനിമാ നടൻ ദേവൻ എന്നിവർ സന്നിഹിതരായിരുന്നു. തൃശൂരിൽ ശക്തമായ മത്സരസാധ്യതയുണ്ടെന്ന് ആവർത്തിച്ച സുരേഷ് ഗോപി തൃശ്ശൂരിലെ വോട്ടർമാർ തനിക്ക് വിജയം തരുമെന്നും പറഞ്ഞു. 

സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു

 

മത്സര സാധ്യത എന്താണെന്ന് ബുദ്ധിയുള്ളവർക്ക് മനസിലാകും. ശബരിമല ഈ തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമാണ്. ശബരിമലയുമായി ബന്ധപ്പെട്ട്  യെച്ചൂരിയുടെ പ്രസ്താവന പുച്ഛിച്ചു തള്ളുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. 

അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപുറം ഇറങ്ങിയെന്ന്,  കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ മത്സരിക്കുന്നതിനെ പരാമർശിച്ചു കൊണ്ട്  സുരേഷ് ഗോപി പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കൈയിലെത്തുമെന്നും അതൊന്നും വൃത്തികെട്ട രാഷ്ട്രീയക്കാരുടെ കൈകളിലല്ല ഉണ്ടാവുകയെന്നും സുരേഷ് ​ഗോപി പറഞ്ഞു.