പിന്തുണയ്ക്കാന്‍ സ്വതന്ത്രന്‍ പോലുമില്ല ; അമിത് ഷായുടെ തലശ്ശേരി പരിപാടി റദ്ദാക്കി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2021 01:25 PM  |  

Last Updated: 23rd March 2021 02:03 PM  |   A+A-   |  

amith sha

ഫയല്‍ ചിത്രം

 

കണ്ണൂര്‍ : തലശ്ശേരിയില്‍ പിന്തുണയ്ക്കാന്‍ സ്ഥാനാര്‍ത്ഥി പോലുമില്ലാതെ വെട്ടിലായി ബിജെപി. തലശ്ശേരിയില്‍ ബിജെപിയുമായി സഖ്യത്തിന് ഇല്ലെന്ന് സിപിഎം വിമതനായ സിഒടി നസീര്‍ പറഞ്ഞു. പിന്തുണ നല്‍കാന്‍ ബിജെപിക്ക് സ്വതന്ത്രന്‍ പോലുമില്ലാത്ത അവസ്ഥയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയും അപരന്മാരുമാണ് അവശേഷിക്കുന്നത്. 

തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഹരിദാസിന്റെ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. ഇതിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. ഇതോടെയാണ് മുഖം രക്ഷിക്കാന്‍ സ്വതന്ത്രരെ തേടിയിറങ്ങിയത്. 

സ്ഥാനാര്‍ത്ഥി ഇല്ലാതായതോടെ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ തലശ്ശേരിയിലെ തെരഞ്ഞെടുപ്പ് പരിപാടി റദ്ദാക്കി. ഇന്നു കൊച്ചിയിലെത്തുന്ന അമിത് ഷാ നാളെ തൃപ്പൂണിത്തുറയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഡോ. കെ എസ് രാധാകൃഷ്ണന് വേണ്ടി റോഡ് ഷോ നടത്തും. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് പോകും.

തലശ്ശേരിയില്‍ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചാലും ഭയമില്ലെന്ന് സിപിഎം സംസ്ഥാനാര്‍ത്ഥി എ എന്‍ ഷംസീര്‍ പറഞ്ഞു. ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഇല്ലാതായതോടെ തലശ്ശേരിയില്‍ സംസ്ഥാനം ശ്രദ്ധിക്കുന്ന രാഷ്ട്രീയ പോരാട്ടമാകും നടക്കുക. കഴിഞ്ഞ തവണ ബിജെപി നേടിയ 22, 125 വോട്ടുകള്‍ ആര്‍ക്കുപോകും എന്നതാണ് ചൂടന്‍ ചര്‍ച്ചയാകുന്നത്.