വൈഗയുടെ മരണത്തിനും ഒരാഴ്ച മുമ്പേ ഫോണ്‍ സ്വിച്ച് ഓഫ് ; സനുവിന്റെ കാര്‍ വാളയാര്‍ ചെക്‌പോസ്റ്റ് കടന്നു ; തിരോധാനത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘം ?

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സനുവിന്റെ വോക്‌സ് വാഗണ്‍ കാര്‍ തൃശൂര്‍ വഴി വാളയാര്‍ ചെക്‌പോസ്റ്റ് കടന്നതായി കണ്ടെത്തി
മരിച്ച വൈഗ, കാണാതായ സനു മോഹന്‍ / ഫയല്‍ ചിത്രം
മരിച്ച വൈഗ, കാണാതായ സനു മോഹന്‍ / ഫയല്‍ ചിത്രം

കൊച്ചി : കൊച്ചിയില്‍ പിതാവിനൊപ്പം പോയ 13 കാരിയെ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. പെണ്‍കുട്ടിക്കൊപ്പം കാണാതായ പിതാവ് സനു മോഹനെ (40) ഇതുവരെ കണ്ടെത്താനായിട്ടില്ല. സനു സഞ്ചരിച്ച കാറും കണ്ടെത്തിയിട്ടില്ല. മോഹന്റെ തിരോധാനത്തിന് പിന്നില്‍ അന്തര്‍ സംസ്ഥാന ക്വട്ടേഷന്‍ സംഘമാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. 

തിങ്കളാഴ്ച ഉച്ചയ്ക്കാണ് സനു മോഹന്റെ മകള്‍ വൈഗയുടെ മൃതദേഹം മഞ്ഞുമ്മല്‍ ഗ്ലാസ് കോളനിക്ക് സമീപം മുട്ടാര്‍ പുഴയില്‍ കണ്ടെത്തിയത്. വൈഗക്കൊപ്പം ഉണ്ടായിരുന്ന സനു മോഹനെ പിന്നീട് കണ്ടിട്ടില്ല. ഇയാളും പുഴയില്‍ ചാടിയതാകാമെന്ന സംശയത്തില്‍ പുഴയില്‍ അരിച്ചുപെറുക്കിയിട്ടും കണ്ടെത്താനായിട്ടില്ല. 

സംഭവത്തിന് തലേദിവസമാണ് സനുവും മകളും ആലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്നും യാത്ര തിരിക്കുന്നത്. റോഡിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സനുവിന്റെ വോക്‌സ് വാഗണ്‍ കാര്‍ തൃശൂര്‍ വഴി വാളയാര്‍ ചെക്‌പോസ്റ്റ് കടന്നതായി കണ്ടെത്തി. ഇതോടെ സനു തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. കാറില്‍ സനു മാത്രമാണോ ഉണ്ടായിരുന്നത് എന്ന കാര്യവും പൊലീസ് അന്വേഷിച്ചു വരികയാണ്.

മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് സനുവിനായി പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഒരു സംഘം തമിഴ്‌നാട്ടിലേക്ക് പോയിട്ടുണ്ട്. സനുവിന്റെ തിരോധാനത്തിന് പിന്നില്‍ അന്തര്‍ സംസ്ഥാന ക്വട്ടേഷന്‍ സംഘത്തിന്റെ പങ്കും പൊലീസ് സംശയിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ പൂനെയില്‍ അടക്കം വന്‍ കടബാധ്യത സനുവിന് ഉള്ളതായി അന്വേഷണത്തില്‍ പൊലീസിന് മനസ്സിലായിട്ടുണ്ട്. ചെക്കുകേസില്‍ അടക്കം പ്രതിയായ സനുവിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയതാകാമെന്നാണ് പൊലീസിന്‍രെ നിഗമനം. 

താമസിച്ചിരുന്ന ഫ്‌ലാറ്റിലെ അഞ്ചുപേരില്‍ നിന്നുള്‍പ്പെടെ പതിനഞ്ചോളം പേരില്‍ നിന്ന് സനു വന്‍ തുക കടംവാങ്ങിയിട്ടുണ്ട്. ഭാര്യയില്‍ നിന്നും മൊഴിയെടുത്താല്‍ മാത്രമേ സനുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുകയുള്ളൂ എന്ന് പൊലീസ് സൂചിപ്പിച്ചു. വൈഗ മരിക്കുന്നതിന് ഒരാഴ്ച മുമ്പു തന്നെ സനുവിന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് ഭാര്യയും സ്ഥിരീകരിച്ചിട്ടുണ്ട്. ആരെയെങ്കിലും ഭയന്നിട്ടാണോ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സനുവിന്റെയും ഭാര്യയുടേയും ഒരു മാസത്തെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com