'പഞ്ചവടിപ്പാലം', പിന്നാലെ 'മാഫിയ' ; കൊച്ചിയില്‍ സിനിമാ പോസ്റ്റര്‍ യുദ്ധവും

'മാഫിയ' പോസ്റ്ററിന് അനുബന്ധമായി 'ഇവന്‍ ആരുടെ ബോസ്' എന്ന പേരില്‍ കളമശ്ശേരി ജനകീയ കൂട്ടായ്മയുടേതായും പോസ്റ്റര്‍ ഇറങ്ങിയിട്ടുണ്ട്
കളമശ്ശേരിയിൽ പ്രത്യക്ഷപ്പെട്ട സിനിമാപോസ്റ്ററുകള്‍
കളമശ്ശേരിയിൽ പ്രത്യക്ഷപ്പെട്ട സിനിമാപോസ്റ്ററുകള്‍

കൊച്ചി : നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, കൊച്ചിയില്‍ പോസ്റ്റര്‍ യുദ്ധവും. സിനിമാപോസ്റ്ററുകളുടെ രൂപത്തിലാണ് പോസ്റ്റര്‍ പോര്. മുന്‍ മന്ത്രിയും കളമശ്ശേരിയിലെ എംഎല്‍എയുമായ വി കെ ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെട്ട പാലാരിവട്ടം പാലം അഴിമതി പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട്, 'പഞ്ചവടിപ്പാലം' സിനിമയുടെ പോസ്റ്റര്‍ ആണ് കളമശ്ശേരി മണ്ഡലത്തില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. 

പഞ്ചവടിപ്പാലം പോസ്റ്ററിന് ബദലായി 'മാഫിയ' സിനിമ പോസ്റ്ററിനോട് സാദൃശ്യമുള്ള പോസ്റ്ററാണ് പുതുതായി രംഗത്തെത്തിയത്. പ്രളയഫണ്ട് തട്ടിപ്പ്, കളമശ്ശേരിയിലെ പ്രമുഖ സിപിഎം നേതാവിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തത് ഉള്‍പ്പെടെയുള്ള മാധ്യമവാര്‍ത്തകളുടെ കൊളാഷ് ആണ് മാഫിയ പോസ്റ്ററിന്റെ ഉള്ളടക്കം. മാഫിയ- കഥ, തിരക്കഥ, സംവിധാനം പി രാജപ്പന്‍, സംഭാഷണം, സംഘട്ടനം സക്കീര്‍ ഹുസൈന്‍ എന്നും പോസ്റ്ററിലുണ്ട്. 

ഷാജി കൈലാസ് സംവിധാനം ചെയ്ത് 1993 ല്‍ പുറത്തിറങ്ങിയ സിനിമയാണ് മാഫിയ. അധോലോകവുമായി ബന്ധപ്പെട്ട കഥ പറഞ്ഞ ചിത്രം ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു. നേരത്തെ പാലാരിവട്ടം പാലം പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കവെ, കൊച്ചി കേന്ദ്രീകരിച്ച് പ്രൊഫഷണല്‍ മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞിരുന്നു. ഇക്കാര്യവും പോസ്റ്ററില്‍ സൂചിപ്പിക്കുന്നുണ്ട്. 

'മാഫിയ' പോസ്റ്ററിന് അനുബന്ധമായി 'ഇവന്‍ ആരുടെ ബോസ്' എന്ന പേരില്‍ കളമശ്ശേരി ജനകീയ കൂട്ടായ്മയുടേതായും പോസ്റ്റര്‍ ഇറങ്ങിയിട്ടുണ്ട്. പോസ്റ്ററുകള്‍ അച്ചടിച്ച സ്ഥാപനത്തിന്റെ പേര് വ്യക്തമാക്കണമെന്ന് നിയമമുണ്ടെങ്കിലും ഈ പോസ്റ്ററുകളിലൊന്നും അതില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com