ബിൽ അടയ്ക്കാത്തതിനാൽ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം വിട്ടു നൽകിയില്ല, ആശുപത്രിക്കെതിരെ പരാതി

പതിനാറു ദിവസത്തെ ചികിത്സയ്ക്ക് നാലരലക്ഷം രൂപയോളമാണ് ബിൽ വന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; കോവിഡ് ബാധിതനായി മരിച്ച രോ​ഗിയുടെ മൃതദേഹം ആശുപത്രി ബിൽ അടയ്ക്കാത്തതിനാൽ വിട്ടു നൽകിയില്ല. പതിനാറു ദിവസത്തെ ചികിത്സയ്ക്ക് നാലരലക്ഷം രൂപയോളമാണ് ബിൽ വന്നത്. കാട്ടാക്കടയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെ മരിച്ച കരമന കൊല്ലവിളാകത്ത് വീട്ടിൽ എം.ഷാജഹാന്റെ മൃതദേഹമാണ് വലിയ തുകയുടെ ബില്ലടയ്ക്കാത്തതിനാൽ ആശുപത്രി അധികൃതർ പിടിച്ചുവച്ചതായി പരാതി ഉയർന്നത്. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഇടപെട്ട് ബിൽതുക കുറച്ചു. 

ഇക്കഴിഞ്ഞ 22-നാണ് ഷാജഹാനും ഭാര്യയും മകനും  ആശുപത്രിയിൽ ചികിത്സ തേടിയത്. രണ്ടുദിവസം കഴിഞ്ഞ് അസുഖം ഭേദമായ ഭാര്യയും മകനും വിടുതൽ നേടി. എന്നാൽ, രോഗം ഗുരുതരമായതിനെ തുടർന്ന് ഷാജഹാനെ ഐസിയുവിലേയ്ക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച പുലർച്ചെ മരിച്ചു. ഷാജഹാന്റെ ആശുപത്രി ചെലവായി 4,45,808 രൂപയുടെ ബില്ലാണ് ആശുപത്രി അധികൃതർ നൽകിയത്. 

ഇത്രയും വലിയ തുക നൽകാനുള്ള സാമ്പത്തികശേഷിയില്ലെന്നും കുറച്ചുതരണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും പണം അടച്ചാൽ മാത്രമേ മൃതദേഹം വിട്ടുനൽകൂ എന്ന് ആശുപത്രി അധികൃതർ നിലപാടെടുത്തു. തുടർന്ന് ശനിയാഴ്ച പൊതുപ്രവർത്തകർ ഇടപെട്ട് സഹോദരൻ നിസാർ ഡി.എം.ഒ.യ്ക്കു പരാതി നൽകുകയായിരുന്നു. തുടർന്ന് ബിൽതുക ഒന്നര ലക്ഷമായി കുറയ്ക്കുകയും ഇത് അടച്ചപ്പോൾ മൃതദേഹം വിട്ടുനൽകുകയുമായിരുന്നു. 

വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു ഷാജഹാനെന്നും ഓക്സിജൻ ഉൾപ്പെടെ നൽകിയുള്ള ചികിത്സയ്ക്ക് സർക്കാർ നിശ്ചയിച്ചതിലും കുറഞ്ഞ തുക മാത്രമേ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ എന്നും ആശുപത്രി അധികൃതർ പറഞ്ഞു. രോഗി ചികിത്സയിൽ ഉള്ളപ്പോൾ ചികിത്സാച്ചെലവിന്റെ കാര്യം അറിയിച്ചിരുന്നു. എന്നാൽ, ആരും സഹകരിച്ചില്ല. എന്നിട്ടും രോഗിക്ക് ചികിത്സ തുടർന്നിരുന്നു. മരിച്ചശേഷം പണം അടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് ആരും അറിയിച്ചിരുന്നില്ലെന്നും കുറച്ചു തുകയേ കൈവശം ഉള്ളൂവെന്നും അടുത്ത ദിവസം അടയ്ക്കാമെന്നും പറഞ്ഞതിനാലാണ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
‌‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com