കോവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ കുട്ടികള്‍ക്ക് ക്വാറന്റീന്‍; ഇടപഴകലുകള്‍ കുറയ്ക്കാന്‍ 'ബയോ ബബിള്‍' കര്‍ശനമാക്കാനും നിര്‍ദേശം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2021 10:55 AM  |  

Last Updated: 01st November 2021 10:59 AM  |   A+A-   |  

school opens

നീണ്ട ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറന്നപ്പോൾ/ വീഡിയോ ദൃശ്യം

 


തിരുവനന്തപുരം : ഏതെങ്കിലും സ്‌കൂളുകളില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനെ കുട്ടികളെ ക്വാറന്റീനില്‍ ആക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. ആരോഗ്യം, തദ്ദേശം, റവന്യൂ വകുപ്പുകളുടെ നിര്‍ദേശപ്രകാരം തുടര്‍നടപടി എടുക്കാനും വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് ആദ്യപരിഗണന നല്‍കണമെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങളും ഉച്ചഭക്ഷണവും വൈദ്യസഹായവും ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 

ആദിവാസി, തീരമേഖലകളില്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. സുരക്ഷാ മാര്‍ഗരേഖ പൂര്‍ണമായി പാലിക്കുന്നുണ്ടെന്നും, ഉച്ചഭക്ഷണം നല്‍കുന്നുണ്ടെന്നും ഉറപ്പാക്കണം. കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ ഇടപഴകലുകള്‍ പരമാവധി കുറയ്ക്കാനായി ബയോബബിള്‍ സംവിധാനം കര്‍ശനമായി നടപ്പാക്കണം. ആഴ്ചയില്‍ മൂന്നു ദിവസം വീതം രണ്ടു ബാച്ചുകള്‍ ആയാണ് ക്ലാസ്സുകള്‍ നടത്തുകയെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. 

ഓണ്‍ലൈന്‍ ക്ലാസ് തുടരും

ആദ്യ ദിനങ്ങളില്‍ യൂണിഫോം, ഹാജര്‍ എന്നിവ നിര്‍ബന്ധമല്ല. കുട്ടികള്‍ക്ക് മാനസിക ഉല്ലാസം പകരുന്ന കാര്യങ്ങളാണ് നടപ്പാക്കുക. 1.96 ലക്ഷത്തോളം അധ്യാപകരില്‍ 2282 പേര്‍ വാക്‌സിന്‍ എടുക്കാനുണ്ട്. ഇവര്‍ സ്‌കൂളുകളില്‍ വരേണ്ടെന്നും ഓണ്‍ലൈന്‍ ക്ലാസ് എടുത്താല്‍ മതിയെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 

കുത്തിവയ്പ് എടുക്കാത്ത താല്‍ക്കാലിക അധ്യാപകരും സ്‌കൂളില്‍ വരേണ്ടതില്ല. രക്ഷിതാക്കളും കുത്തിവയ്പ് എടുക്കണം. അധ്യാപക ക്ഷാമമുള്ള ഇടങ്ങളില്‍ താല്‍ക്കാലിക നിയമനത്തിനും, 1800 ഓളം പ്രധാന അധ്യാപകരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസ് തുടരും.